തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ഐതിഹാസികമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും രാജ്യത്തെ ശാക്തീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിർമലാ സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അതേസമയം നരേന്ദ്രമോദിയുടെ മൂന്നാം ഭരണത്തിലെ മൂന്നാം ബജറ്റ് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
കാർഷിക-വ്യവസായ വളർച്ചയ്ക്ക് കേന്ദ്രബജറ്റിൽ പദ്ധതികളില്ലെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. ദുരന്തനിവാരണം അടക്കമുള്ള മേഖലകൾക്ക് തുക നീക്കിവെച്ചത് കുറച്ചതായും കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് ബിനോയ് വിശ്വം വിമര്‍ശിച്ചു. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതിയെന്നും ധനമന്ത്രി നിർമലാ സീതാരാമന് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം അതിവേഗ റെയിൽ പദ്ധതിയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ പ്രതികരിച്ചു. കേന്ദ്ര ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കില്ലെന്ന് തനിക്കറിയാമായിരുന്നെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയിൽ ഓഫീസ് തുറക്കുമെന്നതിൽ മാറ്റമില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറും രംഗത്ത് വന്നിട്ടുണ്ട്. ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിന് തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ് ബിജെപി അധ്യക്ഷൻ ചോദിക്കുന്നത്.
കേരളത്തെ പൂർണമായും അവഗണിച്ചെന്നും ധാതു ഖനന ഇടനാഴി പരിസ്ഥിതി പ്രശ്നമുണ്ടാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. വ്യവസായ വകുപ്പിന്റെ സ്ഥലം നൽകിയിട്ടും കേരളത്തിന് എയിംസ് അനുവദിച്ചില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. രണ്ട് എയിംസ് ഉള്ള സംസ്ഥാനങ്ങൾ പോലും നിലവിലുള്ളപ്പോൾ കേരളത്തിന് മാത്രം ദേശീയ തലത്തിലുള്ള അത്തരമൊരു ആരോഗ്യ സംവിധാനം അനുവദിച്ചില്ലെന്ന് ജോൺ ബ്രിട്ടാസും പറയുന്നു.
















