ഡൽഹി: രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് പാർലമെന്റിൽ സമർപ്പിച്ചു. തുടർന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിൽ ബജറ്റ് പ്രസംഗം ആരംഭിച്ചു. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ-പൂനൈ, പൂനൈ-ബൈദരാബാദ്, ഹൈദരബാദ്-ചെന്നൈ, ഹൈദരാബാദ്-ബാംഗ്ലൂർ, ബാംഗ്ലൂർ-ചെന്നൈ, ഡൽഹി-വാരണാസി, വാരണാസി-സിലിഗുഡി തുടങ്ങിവയാണ് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴികൾ. ഇതിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.
നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ് പദ്ധതി തയ്യാറാക്കും. സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ജലഗതാഗതത്തിന് പിന്തുണ നൽകുന്നതാണ് ബജറ്റ്. ചെറുകിട വ്യവസായങ്ങൾക്കും ബജറ്റിൽ പരിഗണന ലഭിച്ചു. ഇവി ബാറ്ററികൾ, സോളാർപാനൽ, മൈക്രോവേവ് ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് വില കുറയും. മദ്യം, സിഗരറ്റ്, ഡിജിറ്റൽ ക്യാമറ, വീഡിയോ ഗെയിംസ്, സോഫ്റ്റ്‍വെയർ തുടങ്ങിയവയ്ക്ക് നികുതി കൂട്ടിയിട്ടുണ്ട്.
ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എംഎസ്എംഇകളുടെ വളർച്ചയ്ക്കായി 10,000 കോടി മാറ്റിവെയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ ആരംഭിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി ബജറ്റിൽ വകയിരുത്തി.
നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇൻകം ടാക്സ് ആക്ട് ഏപ്രിൽ 1 ന് നിലവിൽ വരുമെന്ന് ധനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മൂല്യവർധിത കാർഷിക വിഭവങ്ങൾക്ക് കൈത്താങ്ങ് നൽകും. കൊക്കൊ, നാളികേരം തുടങ്ങിയവയ്ക്കാണ് കൈത്താങ്ങ്. വാഹന അപകടനഷ്ടപരിഹാരം നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശയാത്രാ നികുതി 2 ശതമാനം കുറച്ചു. വളർച്ചാനിരക്ക് കൂട്ടുക, ജനാഭിലാഷം പൂർത്തീകരിക്കുക, എല്ലാവരുടേയും വികസനം എന്നിവയാണ് കേന്ദ്രത്തിന്റെ കർത്തവ്യങ്ങളെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കർത്തവ്യ ഭവനിൽ അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്.
















