തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ 18.75 കോടിയിലധികം വരുന്ന വായ്പാ കുടിശ്ശികകൾ സർക്കാർ ഏറ്റെടുക്കും. വായ്പാ കുടിശ്ശികകൾ ഏറ്റെടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച് ജനുവരി 29 ന് സംസ്ഥാനസർക്കാരിന്റെ ഉത്തരവ് പുറത്തുവന്നു. ദുരന്തബാധിതരുടെ കാർഷികവായ്പകൾ, സ്വർണപ്പണയവായ്പകൾ, ഭവനവായ്പകൾ തുടങ്ങിയ നിരവധി കടങ്ങളാണ് സർക്കാർ ഏറ്റെടുത്തത്.
വയനാട് ജില്ലയിലെ മേപ്പാടി ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് 2024 ഓഗസ്റ്റ് മുതൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ 2025 ജൂൺ 12 ലെ കത്തും ഹൈക്കോടതിയുടെ 2025 ഒക്ടോബർ 8 ലെ ഇടക്കാല ഉത്തരവും പരിഗണിച്ച് കുടിശ്ശികകൾ ഏറ്റെടുക്കുന്നതിന് ദുരന്തനിവാരണ വകുപ്പ് തുക അനുവദിക്കുകയായിരുന്നു.
വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1620 വായ്പകളുടെ കുടിശ്ശികയാണ് സംസ്ഥാനസർക്കാർ ഏറ്റെടുത്തത്. വായ്പകൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ 18,75,69,037.90 രൂപ സംസ്ഥാനസർക്കാർ സർക്കാർ പൂർണ്ണമായും അനുവദിച്ചിട്ടുണ്ട്. ദുരന്തഭൂമിയിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ പൊരുതുന്ന മുണ്ടക്കൈ ചൂരൽമല നിവാസികളെ അതിജീവനത്തിന്റെ ഓരോ ഘട്ടത്തിലും ചേർത്തുപിടിക്കുന്ന ഉറച്ച നിലപാടാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ പുതിയ ചരിത്രമാണ് വയനാട്ടിൽ രചിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
















