ഛണ്ഡീഗഡ്: പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജോത് കൗർ സിദ്ദു പാർട്ടി വിട്ടു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ അറിയിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പഞ്ചാബ് പിസിസി (പിപിസിസി) അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ പാർട്ടി സംവിധാനം ഉപയോഗിച്ചെന്ന് വിമർശിച്ചാണ് നവ്ജോത് കൗർ കോൺഗ്രസ് വിട്ടത്. ആദ്യം ബിജെപിയിലായിരുന്ന നവ്ജോത് കൗർ ഭർത്താവിനൊപ്പമാണ് കോൺഗ്രസിൽ എത്തിയത്.
പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് ഡോ. നവ്ജോത് കൗർ സിദ്ദു. പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവ്ജോത് കൗർ. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗവുമായി നിരന്തരം തർക്കത്തിലായിരുന്ന അവർ പാർട്ടി വിടുന്നതിന് മുമ്പ് നിലവിലെ പഞ്ചാബ് പിസിസി അധ്യക്ഷനെതിരെ അഴിമതി ആരോപണവും ഉന്നയിച്ചിട്ടുണ്ട്. നവ്ജോത് കൗർ ബിജെപിയിലേക്ക് തന്നെ തിരിച്ചു പോകാൻ സാധ്യതയുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
















