ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് നാളെ. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തമാകും. ആദായ നികുതിയിൽ ഇളവ് ഉണ്ടാകുമോ എന്നാണ് രാജ്യത്തെ മധ്യവർഗം ഉറ്റുനോക്കുന്നത്. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ ബജറ്റെന്ന് റിപ്പോർട്ടുകളുണ്ട്.
ആദായ നികുതിയുമായി ബന്ധപ്പെട്ട പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ 75000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന് മാധ്യമറിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഇതിനോടകം 72 ശതമാനം ആളുകൾ പുതിയ സ്കീമിലേക്ക് മാറിക്കഴിഞ്ഞു. പുതിയ സ്കീമിലും രണ്ട് ലക്ഷം രൂപ ഭവന വായ്പാ പലിശ ഇളവ് നൽകണമെന്ന നിർദേശമുണ്ട്.
കേരളത്തിലെ ബിജെപി നേതാക്കൾ നിരവധി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച എയിംസ് ഇക്കുറിയെങ്കിലും പ്രഖ്യാപിക്കുമോ എന്ന് നാളെ അറിയാം. ആർആർടിഎസ് മാതൃകയിൽ അതിവേഗ പാതയും കേരളത്തിന്റെ ആവശ്യമായി കേന്ദ്രത്തിന് മുമ്പിലുണ്ട്. തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങൾക്ക് കാര്യമായ പ്രഖ്യാപനങ്ങൾ നൽകുന്ന പതിവ് ആവർത്തിച്ചാൽ അത് കേരളത്തിനാകും ഇക്കുറി നേട്ടമാകുക.
















