Health Wellness

മത്തങ്ങ വിത്തുകൾ അമിതമായി കഴിക്കുന്നുണ്ടോ? ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയേറെ!

നമ്മുടെ അടുക്കളകളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് മത്തങ്ങ. എന്നാൽ മത്തങ്ങയേക്കാൾ ഗുണങ്ങൾ അതിന്റെ വിത്തുകൾക്കുണ്ടെന്ന് പലർക്കും അറിയില്ല. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈ ചെറിയ വിത്തുകൾ. എന്നാൽ രുചികരമായതുകൊണ്ട് ഇവ അമിതമായി കഴിക്കുന്നത് പലപ്പോഴും ദഹനപ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. മത്തങ്ങ വിത്തുകൾ അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പ്രധാന പാർശ്വഫലങ്ങൾ അറിയാം.

  1. വയറു വീർക്കലും ഗ്യാസും

മത്തങ്ങ വിത്തുകളിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ നാരുകൾ കഴിക്കുന്നത് ദഹനത്തിന് നല്ലതാണെങ്കിലും അമിതമായാൽ അത് വയറു വീർക്കൽ, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.

  1. വയറിളക്കം അല്ലെങ്കിൽ മലബന്ധം

ഇവയിലുള്ള നാരുകൾ ദഹനത്തെ സ്വാധീനിക്കുന്നവയാണ്. കൂടുതൽ അളവിൽ മത്തങ്ങ വിത്തുകൾ കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയും ചെയ്താൽ മലബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, ചിലരിൽ ഇത് വയറിളക്കത്തിനും കാരണമായേക്കാം.

  1. വയറുവേദനയും അസിഡിറ്റിയും

മത്തങ്ങ വിത്തുകളുടെ പുറന്തോട് അൽപം കടുപ്പമുള്ളതാണ്. ഇവ ശരിയായി ചവച്ചരച്ച് കഴിച്ചില്ലെങ്കിൽ ദഹിക്കാൻ പ്രയാസമുണ്ടാകും. ഇത് വയറുവേദനയ്ക്കും അസിഡിറ്റിക്കും കാരണമാകുമെന്ന് ആയുർവേദ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  1. അമിത കാലറി

ആരോഗ്യകരമാണെങ്കിലും മത്തങ്ങ വിത്തുകളിൽ കാലറി കൂടുതലാണ്. ഒരു കപ്പ് വറുത്ത വിത്തുകളിൽ ഏകദേശം 285 കാലറി അടങ്ങിയിട്ടുണ്ട്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇവ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

  1. സോഡിയം അംശം

വിപണിയിൽ ലഭിക്കുന്ന മത്തങ്ങ വിത്തുകളിൽ പലപ്പോഴും ഉപ്പ് അധികമായി ചേർക്കാറുണ്ട്. ഇത്തരം പാക്കറ്റ് വിത്തുകൾ അമിതമായി കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദ വ്യതിയാനങ്ങളിലേക്കും നയിച്ചേക്കാം.

  1. ധാതുക്കളുടെ അസന്തുലിതാവസ്ഥ

സിങ്ക്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഈ വിത്തുകൾ. എന്നാൽ ഇവ അമിതമായി ശരീരത്തിലെത്തുന്നത് കോപ്പർ പോലുള്ള മറ്റ് അവശ്യ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തിയേക്കാം.

എത്ര അളവ് വരെ കഴിക്കാം?

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ദിവസവും ഏകദേശം 30 ഗ്രാം (ഒരു ചെറിയ പിടി) മത്തങ്ങ വിത്തുകൾ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ദഹനപ്രശ്നങ്ങളുള്ളവർ ഇവ വെള്ളത്തിൽ കുതിർത്തോ വറുത്തോ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും. ആരോഗ്യഗുണങ്ങൾ വേണ്ടുവോളം ഉണ്ടെങ്കിലും മിതത്വം പാലിച്ചാൽ മാത്രമേ മത്തങ്ങ വിത്തുകൾ പൂർണ്ണമായും ഗുണകരമാകൂവെന്ന് ഓർക്കുക.

Related Posts