കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി. കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ആണ് വീട് നിർമിച്ചു നൽകിയത്. ‘മിഥുൻ ഭവനം’ എന്ന പേരിട്ടിരിക്കുന്ന വീട് ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിലാണ് നിർമിച്ചത്. 20 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. സ്നേഹവീടിൻ്റെ താക്കോൽ ഇന്ന് രാവിലെ 9 മണിയോടെ കുടുംബത്തിന് കൈമാറി.
മന്ത്രി കെഎൻ ബാലഗോപാൽ ആണ് വീടിന്റെ താക്കോൽ മിഥുന്റെ കുടുബത്തിന് കൈമാറിയത്. വിദ്യാഭ്യാസമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു. മനോഹരമായ വീടിൻ്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിക്കാതെയാണ് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വീട് നിർമിച്ചത്.
സ്കൂളിൽ കളിക്കുന്നതിനിടെ സ്കൂളിന് സമീപത്തെ ഷെഡിന് മുകളിൽ കയറിയ മിഥുൻ ഷോക്കേറ്റ് മരിക്കുകയായിരുന്നു. അനുമതിയില്ലാതെ ഷെഡ് പണിതതും വൈദ്യുത ലൈൻ ഇതിനുമുകളിലൂടെ പോകുന്നത് തുടർന്നതും അപകടത്തിന് കാരണമായി. 8ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഥുൻ.
















