Homepage Featured India Kerala News

സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണം സിഐഡിക്ക്; കഴിഞ്ഞ മാസവും കോൺഫിഡന്റ് ​ഗ്രൂപ്പിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന നടന്നെന്ന് റിപ്പോർട്ട്

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് സി ജെ റോയിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫാണ് പരാതി നൽകിയത്.

കോൺഫിഡന്റ് പെന്റ​ഗൺ കോർപ്പറേറ്റ് ഓഫീസിൽ റെയ്‍ഡ് നടക്കുന്നതിനിടെയാണ് റോയ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് 3.15 ന് ആയിരുന്നു റോയ് വെടിവെച്ച് ആത്മഹത്യ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർ റെയ്ഡ് തുടരുന്നതിനിടെയായിരുന്നു ആത്മഹത്യ. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ആവശ്യപ്പെട്ട ശേഷം റോയ് സ്വന്തം മുറിയിൽ എത്തി ജീവനൊടുക്കുകയായിരുന്നു. മരണത്തെത്തുടർന്ന് എഫ്എസ്എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തി. വെടിവെച്ച തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസവും ആദായ നികുതി ഉദ്യോഗസ്ഥർ ബാം​ഗ്ലൂർ കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഡിസംബർ 3 മുതൽ ഡിസംബർ 6 വരെയായിരുന്നു പരിശോധന. തുടർന്ന് റോയ് ആദായ നികുതി പരിശോധനയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ പരിശോധന നടത്താൻ ആവില്ലെന്ന് സി ജെ റോയ് ബാം​ഗ്ലൂർ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആദായ നികുതി ഡിപ്പാർട്മെന്റിന് അനുകൂലമായായിരുന്നു വിധി.

ജനുവരി 28 ന് ജോയിന്റ് കമ്മിഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ ആദായനികുതി ഉദ്യോ​ഗസ്ഥർ വീണ്ടും പരിശോധന ആരംഭിച്ചു. ജനുവരി 28 നു ബാം​ഗ്ലൂരിൽ എത്താൻ റോയിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ചാണ് സിജെ റോയ് കോൺഫിഡന്റ് പെന്റ​ഗൺ കോർപ്പറേറ്റ് ഓഫീസിൽ എത്തിയത്. തുടർന്നുള്ള പരിശോധനയ്ക്കിടെയാണ് സിജെ റോയ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസത്തോളം റെയ്ഡ് നീണ്ടിരുന്നു. സിജെ റോയിയുടെ ഓഫിസിലും വീട്ടിലും ആയിരുന്നു റെയ്‍ഡ് നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുമെന്ന് ബാം​ഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് പറഞ്ഞിരുന്നു. ബെംഗളൂരു സെൻട്രൽ ഡിസിപിക്കായിരുന്നു പ്രാഥമിക അന്വേഷണ ചുമതല. തുടർന്ന് കർണാടക സർക്കാർ അന്വേഷണ ചുമതല സിഐഡിക്ക് കൈമാറുകയായിരുന്നു.

Related Posts