ബാംഗ്ലൂർ: ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ. മൃതദേഹം ബെംഗളൂരു ബോറിംഗ് ആശുപത്രിയിലാണ് ഉള്ളത്. സഹോദരൻ സി ജെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ കോറമംഗലയിലാണ് സംസ്കാരം നടക്കുക. സി ജെ റോയിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു സെൻട്രൽ ഡിസിപിക്കായിരുന്നു അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ സിഐഡിക്ക് കൈമാറിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. കേരളത്തിൽ നിന്നുള്ള ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്‍ഡ് നടത്തുന്നതിനിടെയായിരുന്നു സിജെ റോയ് വെടിവെച്ച് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസത്തോളം റെയ്ഡ് നീണ്ടിരുന്നു. സിജെ റോയിയുടെ ഓഫിസിലും വീട്ടിലും റെയ്‍ഡ് നടന്നിരുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുമെന്ന് ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു.
















