കോർപ്പറേറ്റ് ലോകത്ത് ജോലിചെയ്യുന്നവർ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തണം. ഇതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുന്നതും സ്ട്രെച്ച് ചെയ്യുന്നതും ശരീരത്തിന് നല്ലതാണ്. ഒരു മണിക്കൂർ ഇടവിട്ടെങ്കിലും എഴുന്നേറ്റ് നിൽക്കുന്നത് ശീലമാക്കാം. ഇടവേളകളിൽ സഹപ്രവർത്തകരുമായി സംസാരിക്കാനും ശാന്തമായി ഇരിക്കാനും സമയം കണ്ടെത്തണം. ജോലിയിലെ സ്ട്രെസ് കുറയ്ക്കുന്നത് പ്രവർത്തനക്ഷമതയും വർധിപ്പിക്കും.
ജോലിത്തിരക്കിനിടയിൽ വെള്ളം കുടിക്കാനും മറക്കരുത്. നിർജ്ജലീകരണം തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാകും. അതുപോലെത്തന്നെ പ്രധാനമാണ് ലഞ്ച് ബോക്സിലെ വിഭവങ്ങൾ. എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ഗോതമ്പ് ചപ്പാത്തിയും പ്രൊട്ടീൻ ലഭിക്കുന്ന കറികളും ലഞ്ചിൽ ഉൾപ്പെടുത്താം. കടല, ചിക്കൻ, മുട്ട എന്നിവയിലേതെങ്കിലും ചേർത്താൽ പച്ചക്കറി സാലഡ് ‘പ്രൊട്ടീൻ റിച്ച്’ ആകും. നട്‌സ്, സീഡ്‌സ്, പഴങ്ങൾ ഒക്കെ ഇടവേളകളിൽ സ്നാക്ക് ആയി കഴിക്കണം. ഇത്തരം ചെറിയ സ്നാക്കുകൾ ആരോഗ്യകരമാണ് എന്നതിലുപരി ജോലിക്കിടയിൽ ഉന്മേഷം നൽകുന്നതുമാണ്.
ലിഫ്റ്റിന് പകരം പടികൾ കയറുന്നതും ഫോൺ കോളുകൾ വരുമ്പോൾ നടന്നുകൊണ്ട് സംസാരിക്കുന്നതും നല്ലതാണ്. ചെറിയ മാറ്റങ്ങളിലൂടെ വലിയ ആരോഗ്യം കൈവരിക്കാനാകും.
















