ന്യൂഡൽഹി: തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഡോ. ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ പരാമർശം. കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. തനിക്ക് മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നീണ്ടു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തന്റെ പരാതികള്‍ കൂടിക്കാഴ്ചയില്‍ ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. സിപിഐഎമ്മിലേക്ക് പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തരൂര്‍ തള്ളി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൂടുതല്‍ സജീവമാകുമെന്ന് നേതൃത്വത്തിന് ഉറപ്പ് നല്‍കിയതായും ശശി തരൂര്‍ പറഞ്ഞു. എല്ലാം തുറന്നു സംസാരിച്ചു. ചര്‍ച്ച സൗഹാര്‍ദ്ദപരം ആയിരുന്നു എന്നും താനും പാര്‍ട്ടിയും ഒരേ ദിശയില്‍ എന്നും കൂടിക്കാഴ്ചക്ക് ശേഷം ശശി തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തു നിന്നുള്ള എംപിയാണ് താന്‍. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ശശി തരൂര്‍ വ്യക്തമാക്കിയെന്നാണ് വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും രാഹുല്‍ഗാന്ധി കൂടിക്കാഴ്ചയില്‍ തരൂരിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
അനുനയ നീക്കത്തിന് പിന്നാലെ തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്ത് എത്തി. മഹാത്മാ ഗാന്ധി രക്തസാക്ഷി അനുസ്മരണത്തില്‍ പങ്കെടുത്തു. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലായിരുന്നു നേതൃത്വത്തിന്റെ അനുനയനീക്കം.
















