Features Homepage Featured Sports

സഞ്ജുവിനെ കാത്ത് ‘ഷോക്ക്’; ഇഷാനു വഴി തെളിയുന്നു

ന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനു വഴികള്‍ കടുപ്പമാകുന്നു. ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജു ഭാഗമാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനം താരത്തിനു തിരിച്ചടിയായേക്കും. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകാന്‍ സാധ്യതയില്ല.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് പ്ലേയിങ് ഇലവനെ തീരുമാനിക്കുക. അതിനാല്‍ സമീപകാലത്തെ മോശം ഫോം സഞ്ജു ബെഞ്ചിലിരിക്കാന്‍ വഴിയൊരുക്കും. അല്ലെങ്കില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ താരം അതിശയിപ്പിക്കുന്ന പ്രകടനം നടത്തണം.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് 10 ശരാശരിയില്‍ വെറും 40 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഏഴ് പന്തില്‍ 10, അഞ്ച് പന്തില്‍ ആറ്, ഒരു പന്തില്‍ പൂജ്യം, 15 പന്തില്‍ 24 എന്നിങ്ങനെയാണ് ന്യൂസിലന്‍ഡിനെതിരായ സഞ്ജുവിന്റെ വ്യക്തിഗത സ്‌കോറുകള്‍. അതേസമയം വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ കൂടിയായ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലുമാണ്. സഞ്ജു ഉള്ളതുകൊണ്ട് മാത്രം വണ്‍ഡൗണ്‍ ഇറങ്ങേണ്ടിവരുന്ന ഇഷാനു ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മൂന്ന് കളികളില്‍ നിന്ന് 37.33 ശരാശരിയും 224 സ്ട്രൈക് റേറ്റിലുമായി 112 റണ്‍സ് നേടാന്‍ ഇഷാനു സാധിച്ചിട്ടുണ്ട്. ഫോംഔട്ടിലുള്ള സഞ്ജു പുറത്തായാല്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക ഇഷാന്‍ ആയിരിക്കും.

ലോകകപ്പ് സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ആത്മവിശ്വാസമില്ലാതെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിട്ടുണ്ട്. നാലാം മത്സരത്തില്‍ സഞ്ജു പുറത്തായത് മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ബൗള്‍ഡ് ആയാണ്. ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചതിലൂടെയാണ് സഞ്ജുവിന്റെ പുറത്താകല്‍. സമാന രീതിയില്‍ സഞ്ജു പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്.

Related Posts