Kerala Lead News News

ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയുമായി ബന്ധം; നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധം എസ്ഐടി അന്വേഷിക്കുന്നു. നടൻ ജയറാമിനെ അന്വേഷണത്തിന്റെ ഭാ​ഗമായി എസ്ഐടി ചോദ്യം ചെയ്തു. നിരവധി തവണ ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിയില്ല എന്നാണ് ജയറാമിന്റെ മൊഴി.

വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയിരുന്നു. ഈ പരിപാടിയിൽ ജയറാം പങ്കെടുത്തിരുന്നു. എന്നാൽ സ്വർണം വേർതിരിച്ച സ്മാർട്ട് ക്രിയേഷൻസിലെ പൂജയിലും ജയറാമിന്റെ സാന്നിധ്യം ഉണ്ടായിരുന്നതാണ് എസ്ഐടി ചോദ്യം ചെയ്യലിലേക്ക് കടക്കാൻ കാരണം എന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാം സാക്ഷിയാകാനും സാധ്യതയുണ്ട്.

അതേസമയം അന്തിമ അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതികൾക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് കഴിഞ്ഞ ദിവസം സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും സമാന സാഹചര്യത്തിൽ ജാമ്യം ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകശിൽപക്കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. കട്ടിളപ്പാളി കേസിൽ 90 ദിവസം കഴിയാത്തതിനാൽ ജയിലിൽ തുടരുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി. കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് 90 ദിവസം ആയില്ലെങ്കിലും കോടതി ജാമ്യം നൽകിയിരുന്നു. അറസ്റ്റിലായി 43 ആം ദിവസം കൊല്ലം വിജിലൻസ് കോടതിയാണ് ഇയാൾക്ക് ഉപാധികളോടെ ജാമ്യം നൽകിയത്. ദ്വാരപാലക ശില്പ പാളികൾ കടത്തുമ്പോൾ ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ. എന്നാൽ പദവി ഏറ്റെടുത്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് സ്വർണക്കടത്ത് നടന്നത്.

Related Posts