Homepage Featured Kerala News

വയനാട് പുനരധിവാസം: ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരമെന്ന് ധനമന്ത്രി; സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാ​ഗമായി നി‍ർമ്മിച്ച ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി നിർമ്മിക്കുൂന്ന മാതൃക ടൗൺഷിപ്പിന്റെ ഭാ​ഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായി. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

ദിവസേന ടൗൺഷിപ്പ് നിർമാണത്തിന്റെ ഭാഗമാവുന്നത് 1700 ലധികം തൊഴിലാളികളാണ്. പ്ലംമ്പിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. ഫെബ്രുവരിയിൽ കൈമാറ്റം നടക്കേണ്ടതാൽ വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തികളും പുരോഗമിക്കുകയാണ്. വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക.

അതേസമയം ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് പറഞ്ഞ ധനമന്ത്രി സാമ്പത്തിക അവഗണനയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ബജറ്റില്‍ രേഖപെടുത്തുന്നുവെന്നും വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്കു മേലുള്ള കേന്ദ്ര കടന്നു കയറ്റത്തിന് എതിരെയാണ് ഇനിയുള്ള നാളുകളില്‍ പോരാടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അര്‍ഹതപ്പെട്ട 17000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000 കോടി രൂപ ഈ വര്‍ഷം മാത്രം വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ അവസാനത്തിന്റെ ആരവം കുറിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് 2000 കോടി അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ് – അദ്ദേഹം പറഞ്ഞു.

Related Posts