Homepage Featured Kerala News

ആരാകും എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി? പ്രഥമ പരിഗണന ശൈലജയ്ക്ക്; തൊട്ടുപിന്നില്‍ ബാലഗോപാലും രാജീവും

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആലോചനകള്‍ വേഗത്തിലാക്കി സിപിഎം. സീറ്റ് വിഭജന ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. 2021 ലേതിനു സമാനമായ രീതിയില്‍ ആയിരിക്കും ഘടകകക്ഷികള്‍ക്കു സീറ്റുകള്‍ നല്‍കുക. ചില സീറ്റുകള്‍ സിപിഎം ഏറ്റെടുത്ത് പകരം മറ്റു സീറ്റുകള്‍ നല്‍കാനും സാധ്യതയുണ്ട്.

50 മുതല്‍ 60 സീറ്റുകള്‍ വരെ തനിച്ച് നേടുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. രണ്ട് ടേം പൂര്‍ത്തിയാക്കിയവരില്‍ ചിലരെ മൂന്നാമതും മത്സരിപ്പിക്കാനും തീരുമാനം. കെ കെ ശൈലജയ്ക്കു മൂന്നാമൂഴം ഉറപ്പാണ്. ശൈലജയെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാനും തീരുമാനം.

നിയമസഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ ഭരണപക്ഷത്തിന്റെ പ്രതിഷേധ പരിപാടികള്‍ക്കു സഭയ്ക്കു പുറത്ത് നേതൃത്വം നല്‍കിയത് കെ.കെ.ശൈലജയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശൈലജ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിനുള്ളില്‍ ധാരണയായിട്ടുണ്ടെന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തുന്നവര്‍ ഉണ്ട്.

രണ്ട് ടേം പൂര്‍ത്തിയാക്കിയ ശൈലജ ഇത്തവണയും മട്ടന്നൂരില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ തവണ 60,963 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് ശൈലജ ജയിച്ചത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി മികച്ച പ്രകടനം കാഴ്ചവെച്ച ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിര്‍ദേശം പിണറായി വിജയനാണ് സിപിഎമ്മിനുള്ളില്‍ ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ മത്സരിക്കില്ല. രണ്ട് ടേം പൂര്‍ത്തിയായതിനാലും ആരോഗ്യബുദ്ധിമുട്ടുകളെ തുടര്‍ന്നും പിണറായി തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാനാണ് സാധ്യത. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക പിണറായി തന്നെ. പരമാവധി മണ്ഡലങ്ങളില്‍ നേരിട്ടെത്തി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കു എത്തിക്കുകയാണ് പിണറായി വിജയന്റെ ലക്ഷ്യം. അതിനായി എല്‍ഡിഎഫ് പ്രത്യേക കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.

Related Posts