കോട്ടയം: തുഷാർ വെള്ളാപ്പള്ളിയെ NSS – SNDP ഐക്യചർച്ചയ്ക്ക് അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. NSS – SNDP ഐക്യനീക്കത്തിൽ നിന്ന് പിൻമാറുന്നതിനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു ജി സുകുമാരൻ നായർ. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നും എൻഎസ്എസ് തീരുമാനിച്ചെന്ന് ഡയറക്ടർ ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും സമദൂരം തുടരുമെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കുന്നു. ഐക്യ നീക്കത്തിന് ദൂതനായി വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാർ വെള്ളാപ്പള്ളിയെ ആയിരുന്നു നിയോഗിച്ചത്. തുഷാർ എൻഡിഎ മുന്നണിയിൽ അംഗമായ ബിഡിജെഎസ് നേതാവാണ് എന്നതാണ് എൻഎസ്എസിനെയും സുകുമാരൻ നായരേയും ചൊടിപ്പിച്ചതെന്നാണ് അവരുടെ വാദം.
എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യൂണിയൻ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. എൻഎസ്എസുമായി സഹകരിക്കാൻ എസ്എൻഡിപി തയ്യാറാണെന്നും യോഗം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ നേരിട്ടുകാണാൻ തുഷാറിനെ ചർച്ചയ്ക്ക് നിശ്ചയിച്ചത്.
















