തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ ഇന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. വി കുഞ്ഞികൃഷ്ണനെതിരെ നടപടി വേണോ എന്നതും ജില്ലാ കമ്മിറ്റി തീരുമാനിക്കും. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് പോലീസിനെ സമീപിക്കാം. സംസ്ഥാന കമ്മിറ്റി ഇടപെടേണ്ട സമയം വരുമ്പോൾ അക്കാര്യം ആലോചിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഐഎം പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ 46 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. ഫണ്ടുപിരിവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകൾ 2017 ഡിസംബർ 8,9 തീയതികളിൽ നടന്ന ഏരിയാസമ്മേളനത്തിൽ അവതരിപ്പിച്ചു. ഇതിൽ 10ലക്ഷത്തിലേറെ തുക ചെലവായെന്ന് രേഖപ്പെടുത്തിയിരുന്നു. വീട് നിർമാണത്തിനിടയിലും ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടായെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
2016 ജൂലായ് 11നാണ് ധൻരാജ് കൊല്ലപ്പെട്ടത്. പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി നിലകൊള്ളുന്നതിനിടെ കൊല ചെയ്യപ്പെട്ട സാഹചര്യത്തിൽ കുടുംബത്തെ അനാഥമാക്കാൻ കഴിയില്ലെന്ന തീരുമാനപ്രകാരം ഫണ്ടുപിരിക്കാൻ തീരുമാനിച്ചുവെന്നും ഇതനുസരിച്ച് 1 കോടി രൂപ പിരിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പറയുന്നു.
അതേസമയം വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കയ്യായി അദ്ദേഹം മാറിയെന്നുമാണ് വിഷയത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ഉയര്‍ന്നുവന്ന ആരോപണത്തിൽ പാർട്ടി തീരുമാനമെടുത്തതാണെന്നും സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന് റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണെന്നും ജില്ലാ നേതൃത്വം പറയുന്നു.
















