ഗുവാഹത്തി: ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. രണ്ടു മത്സരങ്ങളിൽ ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ പരമ്പര സ്വന്തമാകും. അതേസമയം അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസിലൻഡിന് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. വൈകീട്ട് 7 നാണ് മത്സരം നടക്കുക.
പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത് ടീമിന് നേട്ടമാകുമെന്നാണ് കരുതുന്നത്. ബാറ്റിങ്ങിൽ പീക്കിൽ നിൽക്കുകയാണ് ഇന്ത്യയുടെ ടി-20 ടീം. രണ്ടാം മത്സരത്തിൽ ഓപ്പണർമാർ പെട്ടെന്ന് തന്നെ പുറത്തായെങ്കിലും 209 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ 16 ഓവറിൽ ചേസ് ചെയ്തിരുന്നു.
എന്നാൽ കിവീസിന്റെ പേസർ കെയ്ൽ ജാമിസൺ ഇന്ന് ടീമിൽ തിരിച്ചെത്തുന്നുണ്ട്. ബാറ്റിങ്ങിൽ ന്യൂസിലൻഡും തിളങ്ങിയാൽ ഇന്നത്തെ മത്സരം കടുക്കും. 300 ന് മുകളിൽ റണ്ണെടുത്താൽ ഇന്ത്യയോട് മത്സരത്തിൽ പിടിച്ചുനിൽക്കാനാകും എന്നാണ് ന്യൂസിലൻഡിന്റെ കണക്കുകൂട്ടൽ. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
















