Homepage Featured Kerala News

ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടി ഐ മധുസൂദനൻ 46 ലക്ഷം രൂപയുടെ തിരിമറി നടത്തി; സിപിഐഎം പയ്യന്നൂർ എംഎൽഎക്കെതിരെ ​ഗുരുതര ആരോപണം

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഐഎം പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ 46 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപണം. സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗമായ വി കുഞ്ഞികൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

2016 ജൂലായ് 11നാണ് ധൻരാജ് കൊല്ലപ്പെട്ടത്. പാർട്ടിയുടെ പ്രവർത്തനത്തിൻ്റെ ഭാ​ഗമായി കൊല ചെയ്യപ്പെട്ട സാഹചര്യത്തിൽ കുടുംബത്തെ അനാഥമാക്കാൻ കഴിയില്ലെന്ന തീരുമാനപ്രകാരം ഫണ്ടുപിരിക്കാൻ തീരുമാനിച്ചുവെന്നും ഇതനുസരിച്ച് 1 കോടി രൂപ പിരിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പറയുന്നു. ഈ ഫണ്ടുപിരിവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകൾ 2017 ഡിസംബർ 8,9 തീയതികളിൽ നടന്ന ഏരിയാസമ്മേളനത്തിൽ അവതരിപ്പിച്ചു. ഇതിൽ 10ലക്ഷത്തിലേറെ തുക ചെലവായെന്ന് രേഖപ്പെടുത്തിയിരുന്നു. വീട് നിർമാണത്തിനിടയിലും ഫണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടുണ്ടായെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവുകൾ നൽകിയിട്ടും സംസ്ഥാന നേതൃത്വം നടപടിയെടുത്തില്ലെന്ന് അദ്ദേഹം പറയുന്നു.

അതേസമയം വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കയ്യായി അദ്ദേഹം മാറിയെന്നുമാണ് വിഷയത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ഉയര്‍ന്നുവന്ന ആരോപണത്തിൽ പാർട്ടി തീരുമാനമെടുത്തതാണെന്നും സമയ ബന്ധിതമായി വരവ്-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണെന്നും ജില്ലാ നേതൃത്വം പറയുന്നു. വിഷയം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നാളെ യോഗം ചേരും.

Related Posts