തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം. ദ്വാരപാലകശിൽപം, കട്ടിളപ്പാളി എന്നിവയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 12 പേരെ എസ്ഐടി അറസ്റ്റുചെയ്തിട്ടുണ്ട്. ഇതിൽ പുറത്തുവരുന്ന ആദ്യയാളാണ് മുരാരി ബാബു.
കേസുകളിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. ജനുവരി 28 ന് തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകശിൽപത്തിലെ പാളികളിൽ നിന്ന് സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഉണ്ണി കൃഷ്ണൻ പോറ്റി ജയിലിൽ തുടരുകയാണ്. അതിൽ അറസ്റ്റുചെയ്തിട്ട് 90 ദിവസം ആയിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചിട്ടില്ല.
















