Kerala Lead News News

തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ്; തിരുവനന്തപുരത്ത് നടക്കുന്ന ഔദ്യോ​ഗിക പരിപാടിയിൽ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നതടക്കമുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ വികസനത്തിന് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 11 വർഷമായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളൊരുക്കി. രാജ്യത്ത് 4 കോടിയിലേറെപ്പേർക്ക് പിഎം ആവാസ് യോജനയിലൂടെ വീട് നൽകി. ഇതിൽ ഒരു കോടി പേർ ന​ഗരങ്ങളിലെ പാവപ്പെട്ടവരാണെന്നും നരേന്ദ്രമോദി പറഞ്ഞു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം സാധ്യമാകൂ എന്ന് നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരത്തെ സ്റ്റാർട്ട് അപ് ഹബ്ബാക്കാനുള്ള നടപടികൾക്ക് തുടക്കമായെന്ന് നരേന്ദ്രമോദി പറഞ്ഞു. ചടങ്ങിൽ തെരുവ് കച്ചവടക്കാർക്ക് ലോൺ ലഭ്യമാക്കാനായി സ്വനിധി ക്രെഡിറ്റ് കാർഡ് നൽകുന്ന പദ്ധതി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമവും പ്രധാനമന്ത്രി നിർവഹിച്ചു. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു.

കോർപ്പറേഷൻ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരത്തെ സന്ദർശനം. കോർപ്പറേഷനിൽ അധികാരത്തിലെത്തിയാൽ നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുമെന്ന് ബിജെപി നേരത്തേ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് ഘോഷയാത്രയായാണ് നരേന്ദ്രമോദി എത്തിയത്.

Related Posts