തിരുവനന്തപുരം: ഉമ്മൻചാണ്ടിക്കെതിരെ ഗണേഷ് കുമാർ അവാസ്തവം പ്രചരിപ്പിക്കുന്നെന്ന് കോൺഗ്രസ്. ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ കോൺഗ്രസ് ഇടപെട്ടേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനമുണ്ട്. ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യത കാണിച്ചെന്നും എന്നാൽ ഗണേഷിൽ നിന്ന് അതുണ്ടായില്ലെന്നും കോൺഗ്രസ് വിമർശിക്കുന്നു.
അതേസമയം ചാണ്ടി ഉമ്മന്റെ ഗണേഷ് കുമാറിനെതിരെയുള്ള ആരോപണത്തെ തുടർന്നായിരുന്നു ഇപ്പോഴത്തെ വിവാദം തുടങ്ങിയത്. മകനെപ്പോലെ സ്നേഹിച്ച ഗണേഷാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പരാമർശം.
ചാണ്ടി ഉമ്മന്റെ പരാമർശം പുറത്തുവന്നതോടെ ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഉമ്മൻ ഓർക്കണമെന്ന് മന്ത്രി ഗണേശ് കുമാർ തിരിച്ചടിച്ചു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ താൻ എല്ലാം വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന തരത്തിലാണ് താൻ സിബിഐക്ക് മൊഴി നൽകിയതെന്നും മന്ത്രി ഗണേശ് കുമാർ പറഞ്ഞു.
താൻ ഉമ്മൻചാണ്ടിക്ക് അനുകൂലമായി മൊഴി നൽകിയിട്ടും തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും ഗണേഷ് കുമാർ ഉന്നയിച്ചു. മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് ഉമ്മൻചാണ്ടി തന്നെ ചതിക്കുകയായിരുന്നെന്ന് ഗണേശ് കുമാർ ആരോപിച്ചു. ഇലക്ഷൻ അടുക്കുമ്പോൾ ഓരോരോ കഥകളും ആയി ചിലർ വരുമെന്നും. ഇതൊക്കെ കനഗോലുവിന്റെ PR തന്ത്രമായിരിക്കും, ഒരു ഗോലുവിന്റെ PR തന്ത്രവും പത്തനാപുരത്ത് ചെലവാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
തുടർന്ന് മാധ്യമങ്ങൾ ചാണ്ടി ഉമ്മനെ പ്രതികരണത്തിനായി സമീപിച്ചപ്പോൾ സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ഇതിൽ സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. തന്റെ കുടുംബം തകർത്തെന്ന ഗണേഷിന്റെ ആരോപണത്തിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ഇക്കാര്യത്തിലെ പ്രതികരണം. ഇതിനുപിന്നാലെയാണ് കോൺഗ്രസ് നേതൃത്വം ഇടപെടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
















