തിരുവനന്തപുരം: കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് ഘോഷയാത്രയായാണ് നരേന്ദ്രമോദി എത്തുക. തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കുന്നതിനൊപ്പം വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് വച്ച് ഇന്ന് നടക്കുമെന്നാണ് വിവരം.
അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടൽ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് പ്രധാനമായും നിർവഹിക്കുക. ഔദ്യോഗിക വേദിയിൽ വെച്ചായിരിക്കും ചടങ്ങ്. ഔദ്യോഗികവേദിക്ക് സമീപം പാർട്ടി വേദി ഒരുക്കിയിട്ടുണ്ട്. കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം പാർട്ടി വേദിയിൽ വെച്ചാകും നടക്കുക. കോർപ്പറേഷനിൽ അധികാരത്തിലെത്തിയാൽ നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുമെന്ന് ബിജെപി നേരത്തേ അറിയിച്ചിരുന്നു.
















