തിരുവനന്തപുരം: വിവാദമായ ശബരിമല വാജിവാഹന കൈമാറ്റത്തിലേക്ക് നയിച്ച കൊടിമര മാറ്റത്തിൽ തീരുമാനമെടുത്തത് അഡ്വ. എംപി ഗോവിന്ദന് നായരുടെ ബോര്‍ഡ്. കൊടിമരം പുനര്‍നിര്‍മിക്കാൻ കോൺഗ്രസ് നേതാവായ ഗോവിന്ദന് നായർ അധ്യക്ഷനായ ദേവസ്വം ബോർഡ് തീരുമാനിച്ചെന്നാണ് മാധ്യമ റിപ്പോർട്ട്. ദേവപ്രശ്നത്തിൽ കൊടിമരത്തിന് ജീര്‍ണതയെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു തീരുമാനമെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ശബരിമലയിൽ അധികാരമേറ്റ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ബോര്‍ഡ് ആണ് കൊടിമരം മാറ്റുകയും വാജിവാഹനം തന്ത്രിക്ക് കൈമാറുകയും ചെയ്തത്.
2014 ജൂണ്‍ 18-നായിരുന്നു കൊടിമരം പുനര്‍നിര്‍മാണം നിര്‍ദേശിച്ച ദേവപ്രശ്നം നടന്നത്. 2012 മുതൽ 3 വർഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന അഡ്വ. എം പി ഗോവിന്ദന് നായരുടെ കാലത്തായിരുന്നു ദേവപ്രശ്നം. ഈ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ 2017 ലെ ശബരിമല ദേവസ്വം ബോർഡ് കൊടിമരം മാറ്റുന്നത്. 2012 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവനുസരിച്ച് ലോഹവസ്തുക്കൾ ശബരിമലയിൽ നിന്ന് മറ്റാർക്കെങ്കിലും കൈമാറുന്നത് ചട്ടലംഘനമാണ്.
മുതിർന്ന കോൺഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് മുൻ അംഗവുമായ അജയ് തറയിൽ പറയുന്നത് അനുസരിച്ച് തന്ത്രിക്ക് അവകാശപ്പെട്ടത് ആയതിനാലാണ് വാജിവാഹനം കൈമാറിയത്. അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടനുസരിച്ച് തന്ത്രി കണ്ഠരര് രാജീവർക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരവും ഹൈക്കോടതിയുടെ അറിവോടെയുമാണ്. 2017 മാർച്ചിലാണ് ദേവസ്വം ബോർഡ് വാജിവാഹനം കൈമാറുന്ന വിവരം ഹൈക്കോടതിയെ അറിയിച്ചത്.
എന്നാൽ പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്ന് 2012 ലെ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവുണ്ട്. ഇത് ലംഘിച്ചാണ് യുഡിഎഫ് നിയമിച്ച ബോർഡ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. 2012 ലെ ഉത്തരവ് അനുസരിച്ച സർക്കുലർ എല്ലാ ഓഫിസുകൾക്കും നൽകിയിട്ടുമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
















