Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷം, നീക്കം കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ടെന്ന് സൂചന

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി അം​ഗമാണ്. ഇത് പ്രതിപക്ഷം സഭയിൽ ആയുധമാക്കിയേക്കും. ഇതോടൊപ്പം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനേയും കേസിൽ പ്രതി ചേർക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. ഇന്ന് രാവിലെ 9 മണിക്ക് നിയമസഭ ആരംഭിക്കുമ്പോൾ തന്നെ വിഷയം സഭയിൽ ഉന്നയിക്കാനാണ് നീക്കം.

2017 മുതൽ കടകംപള്ളിയുമായി പരിചയമുണ്ടെന്നും കടകംപള്ളി വീട്ടിൽ വന്നെന്നുമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ഇന്ന് പ്രതിപക്ഷം കടകംപള്ളി സുരേന്ദ്രനെതിരെ സഭയിൽ ആരോപണമുന്നയിക്കുക. ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള കേസിൽ ഇതുവരെ 12 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ പത്മകുമാർ, എൻ വാസു എന്നിവർ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ്. ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ബല്ലാരിയിലെ ജ്വല്ലറി ഉടമ നാഗ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിട്ടുണ്ട്.

അതേസമയം ശബരിമല ദ്വാരപാലകശിൽപത്തിലെ സ്വർണം കവർന്ന കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ കടക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം, അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാകണം, വിദേശത്തേക്ക് കടക്കുന്നത് തടയാൻ പാസ്പോർട്ട് ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥയോടെയാണ് ജാമ്യം. അതേസമയം കട്ടിളപ്പാളി കേസിൽ ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ തുടരുകയാണ്.

Related Posts