ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വിമര്‍ശനം. പരമ്പരയിലെ മൂന്ന് കളികളിലും ജഡേജ അമ്പേ പരാജയമായിരുന്നു. പേരിനൊരു ഓള്‍റൗണ്ടര്‍ ആയി ജഡേജ ഏകദിന ടീമില്‍ തുടരുന്നത് ഇന്ത്യയുടെ മത്സരഫലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ബാറ്റ് കൊണ്ടോ പന്ത് കൊണ്ടോ ടീമിനായി യാതൊന്നും ചെയ്യാന്‍ സാധിക്കാതെയാണ് ജഡേജ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര അവസാനിപ്പിച്ചത്. ജഡേജയുടെ ഇന്നിങ്സ് നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 16 പന്തില്‍ 12 റണ്‍സെടുത്ത് താരം പുറത്തായി. മോശം ഷോട്ടിനു ശ്രമിച്ചാണ് ജഡേജ വിക്കറ്റ് വലിച്ചെറിഞ്ഞത് എന്നതും ആരാധകരെ ചൊടിപ്പിക്കുന്നു.
മൂന്ന് ഇന്നിങ്സുകളില്‍ നിന്നായി ജഡേജ എടുത്തത് വെറും 43 റണ്‍സ് മാത്രമാണ്. 4, 27, 12 എന്നിങ്ങനെയാണ് മൂന്ന് കളികളിലെ സ്കോറുകള്‍. ബൗളിങ്ങില്‍ ഇതിനേക്കാള്‍ മോശം പ്രകടനം. ഒന്നാം ഏകദിനത്തില്‍ ഒന്‍പത് ഓവര്‍ എറിഞ്ഞ് 56 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടിയില്ല. രണ്ടാം ഏകദിനത്തില്‍ എട്ട് ഓവറില്‍ 44 വഴങ്ങി വിക്കറ്റില്ലാതെ അവസാനിപ്പിച്ചു. മൂന്നാം ഏകദിനത്തിലാകട്ടെ ആറ് ഓവറില്‍ 41 റണ്‍സ് വഴങ്ങി, അപ്പോഴും വിക്കറ്റിന്റെ കാര്യത്തില്‍ സംപൂജ്യന്‍ !
ജഡേജ ഏകദിനത്തില്‍ വിരമിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി പരസ്യമായി ജഡേജ വിരമിക്കണമെന്ന് ആവശ്യപ്പെട്ടു. മൂന്നാം ഏകദിനത്തില്‍ കമന്ററി ബോക്സില്‍ ഇരുന്നാണ് ശാസ്ത്രി ജഡേജയ്ക്കെതിരെ രംഗത്തെത്തിയത്. ജഡേജ ക്രീസിലെത്തുമ്പോള്‍ ഇയാന്‍ സ്മിത്തും രവി ശാസ്ത്രിയുമായിരുന്നു കമന്റേറ്റര്‍മാര്‍. ഇന്ത്യയെ ഈ കളി ജയിപ്പിക്കാന്‍ ജഡേജ എത്തിയിരിക്കുന്നു എന്ന് ഇയാന്‍ സ്മിത്ത് കമന്റ് ചെയ്തു. ഈ ടീമിനെ ഏതെങ്കിലും തരത്തില്‍ ജഡേജയ്ക്കു സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അത് വിരമിച്ചുകൊണ്ട് മാത്രമാകുമെന്നാണ് ശാസ്ത്രി തിരിച്ചടിച്ചത്.
നിലവിലെ ഫോംഔട്ട് ജഡേജയ്ക്കു പുറത്തേക്കുള്ള വഴി തുറക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ട്വന്റി 20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലുമാണ് ഇപ്പോള്‍ ഇന്ത്യക്കായി കളിക്കുന്നത്. 2027 ഏകദിന ലോകകപ്പില്‍ ജഡേജ ഉണ്ടാകില്ലെന്നാണ് നിലവിലെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
















