Entertainment Homepage Featured News

തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചു; നായിക മീര ജാസ്മിന്‍

തുടരും’ വിജയത്തിനു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തിനു ഔദ്യോഗികമായി തുടക്കം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരക്കഥയുടെ പൂജ നടന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കുകയും മോഹന്‍ലാല്‍ എത്തുകയും ചെയ്യും.

നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. ഓസ്റ്റിന്‍ ഡാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല. നടന്‍ കൂടിയായ ബിനു പപ്പുവാണ് ഈ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍.

രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മാണം. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്നത്. ക്രൈം ത്രില്ലര്‍ ഴോണറിലുള്ള ചിത്രമായിരിക്കുമെന്നും വിവരമുണ്ട്.

ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മീര ജാസ്മിനാണ് എത്തുക. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലിന്റെ നായികയായി മീര എത്തുന്നത്. 2013 ല്‍ റിലീസ് ചെയ്ത ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ ആണ് മോഹന്‍ലാലും മീരയും അവസാനമായി ഒന്നിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തില്‍ മീര കാമിയോ വേഷം ചെയ്തിരുന്നു.

ദൃശ്യം 3 യിലാണ് മോഹന്‍ലാല്‍ ഒടുവിലായി അഭിനയിച്ചത്. ഏപ്രിലില്‍ ഈ ചിത്രം തിയറ്ററുകളിലെത്തും. തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രം ഈ വര്‍ഷം അവസാനം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന.

Related Posts