കൊച്ചി: അമൂല്യമായ ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറുന്നവിവരം ഹൈക്കോടതിയെ അറിയിച്ചിരുന്നെന്ന് മാധ്യമ റിപ്പോർട്ട്. ദേവസ്വം ബഞ്ച് അംഗീകാരം നൽകിയ ശേഷമാണ് വാജിവാഹനം തന്ത്രിക്ക് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പഴയ കൊടിമരം മാറ്റുന്നതിനിടെയാണ് ഇതിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന പഞ്ചലോഹത്തിൽ തീർത്ത് സ്വർണം പൂശിയ വാജിവാഹനവും മാറ്റിയത്. തുടർന്ന് വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു.
പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ദേവസ്വം ബോർഡ് ആണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. കോൺഗ്രസ് നേതാവ് അജയ് തറയിലിന്റെ അറിവോടെയായിരുന്നു കൈമാറ്റം. എന്നാൽ അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടനുസരിച്ച് തന്ത്രി കണ്ഠരര് രാജീവർക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരവും ഹൈക്കോടതിയുടെ അറിവോടെയുമാണ്. 2017 മാർച്ചിലാണ് ദേവസ്വം ബോർഡ് വാജിവാഹനം കൈമാറുന്ന വിവരം ഹൈക്കോടതിയെ അറിയിച്ചത്.
നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാജിവാഹനം, അഷ്ടദിക്ക്പാലകർ തുടങ്ങിയ ശില്പങ്ങൾ ശബരിമല സ്ട്രോങ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിലാണ് ഇവ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്.
















