ഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിന് 22.20 കോടി രൂപ പിഴ ചുമത്തി DGCA. 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(DGCA) ഉത്തരവിട്ടു. ഡിസംബറിൽ ഇൻഡിഗോയുടെ 2,500-ലധികം വിമാനങ്ങൾ റദ്ദാക്കുകയും ഏകദേശം 1,850 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
22.20 കോടി രൂപയുടെ പിഴയും ഡിജിസിഎയ്ക്ക് അനുകൂലമായി 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നൽകാനാണ് ഇൻഡിഗോ എയർലൈൻസിനോട് ഉത്തരവിട്ടത്. ഡിജിസിഎ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നടപടിയും വ്യവസ്ഥാപരമായ തിരുത്തലും ഇൻഡിഗോ നടപ്പിലാക്കിയെന്ന് ബോധ്യപ്പെട്ടാൽ ഗ്യാരണ്ടി തുക ഘട്ടം ഘട്ടമായി കമ്പനിക്ക് വിട്ടു നൽകും. പൈലറ്റുമാർക്ക് ആഴ്ചയിൽ നിർബന്ധമായും വിശ്രമദിനം നൽകുക, ഡ്യൂട്ടിയിൽ സമയക്രമം പാലിക്കുക തുടങ്ങിയ ഡിജിസിഎയുടെ നിർദേശങ്ങൾ പുറത്തുവന്നതോടെയാണ് ഇൻഡിഗോ കൂട്ടത്തോടെ സർവീസുകൾ നിർത്തിവെച്ചത്.
ഒരു എയർലൈനിന് മേൽ ഡിജിസിഎ ചുമത്തിയ ഏറ്റവും ഉയർന്ന റെഗുലേറ്ററി പിഴയാണ് ഇൻഡിഗോയ്ക്ക് ലഭിച്ചത്. 2024-25 വർഷത്തെ ഇൻഡിഗോയുടെ ഒരു ദിവസത്തെ ശരാശരി ലാഭത്തേക്കാൾ കൂടുതലാണിത്. ഇൻഡിഗോയുടെ ഡിസംബറിലെ അസാധാരണ നടപടി സമഗ്രമായി അവലോകനം ചെയ്ത നാലംഗ ഡിജിസിഎ അന്വേഷണ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. ഡിസംബർ 26 നായിരുന്നു സമിതി ഡിജിസിഎക്ക് റിപ്പോർട്ട് നൽകിയത്. കണ്ടെത്തലുകളും ശുപാർശകളും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും സമർപ്പിച്ചിരുന്നു.
















