പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ഇന്ന്. നിലവില്‍ ശബരിമലയിലെ സ്വർണം പൂശിയ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് കണ്ഠരര് രാജീവര്. ഇതിനിടെയാണ് തന്ത്രിയെ അടുത്ത കേസിലും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്യാനൊരുങ്ങുന്നത്.
ജയിലിലെത്തി എസ്ഐടി രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ അറസ്റ്റുചെയ്ത ശേഷം രാജീവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. കസ്റ്റഡിക്കായി നാളെ അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ അനുമതിയോടെയാണ് എസ്ഐടിയുടെ നീക്കം. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ഇത് കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചതും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം വീട്ടിൽ സൂക്ഷിച്ചതും അന്വേഷണപരിധിയിൽ വന്നിട്ടുണ്ട്. വാജിവാഹനം എസ്ഐടി കസ്റ്റഡിലെടുത്ത് കോടതിയിൽ ഹാജരാക്കി. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തു. ബോർഡ് തീരുമാന പ്രകാരമല്ല, കീഴ്വഴക്കം അനുസരിച്ചാണ് തന്ത്രിക്ക് വാജിവാഹനം നൽകിയതെന്ന് മുൻ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ പറഞ്ഞു.
















