കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ തുടരും. മുന്നണി മാറ്റം വേണ്ടെന്ന പൊതുതീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തി. യുഡിഎഫിലേക്കു പോകാന്‍ സമ്മര്‍ദ്ദം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിലയിരുത്തുന്നത്.
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടന്നത്. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദവും കേരള കോണ്‍ഗ്രസിനു മേല്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്നണി മാറേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷം രാഷ്ട്രീയ അഭയം നല്‍കിയത് എല്‍ഡിഎഫാണ്. മാത്രമല്ല മുന്നണിക്കുള്ളില്‍ കാര്യമായ പരിഗണനയും ലഭിച്ചു. മുന്നണി വിടാന്‍ പാകത്തിനു കാരണമൊന്നും ഇല്ലാതെ യുഡിഎഫിലേക്ക് പോകാന്‍ തീരുമാനിച്ചാല്‍ അത് ഭാവിയില്‍ തിരിച്ചടിയായേക്കുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ഭയപ്പെടുന്നത്.
2021 ല്‍ അഞ്ച് എംഎല്‍എമാര്‍ കേരള കോണ്‍ഗ്രസിനുണ്ട്. അതില്‍ ഒരാള്‍ക്കു മന്ത്രിസ്ഥാനം ലഭിച്ചു, ഒരാള്‍ ചീഫ് വിപ്പായി. അര്‍ഹിച്ചതിനേക്കാള്‍ വലിയ പരിഗണനയാണ് എല്‍ഡിഎഫ് നല്കികൊണ്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചോദിച്ചതില്‍ കൂടുതല്‍ സീറ്റുകള്‍ നല്കി. പറയത്തക്ക കാരണമൊന്നും ഇല്ലാതെ മുന്നണി വിട്ടാല്‍ അധികാര കൊതി മൂത്താണ് തീരുമാനമെന്ന വിമര്‍ശനം ഉയരും. മാത്രമല്ല എല്‍ഡിഎഫില്‍ ലഭിച്ച പരിഗണന യുഡിഎഫില്‍ നില്ക്കുമ്പോള് കിട്ടാനും സാധ്യതയില്ല. ഇതെല്ലാം പരിഗണിച്ചാണ് എല്‍ഡിഎഫ് വിടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേരള കോണ്‍ഗ്രസ് (എം) എത്തുന്നത്.
അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃസ്ഥാനത്തുള്ളവരില്‍ രണ്ട് തരം അഭിപ്രായമുണ്ട്. എംഎല്‍എമാരായ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എല്‍ഡിഎഫിനൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നു. ജോബ് മൈക്കിളും സെബാസ്റ്റ്യന്‍ കുളത്തുങ്കലുമാണ് യുഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായമുള്ളവര്‍. പാര്‍ട്ടി എന്ത് നിലപാട് എടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്നാണ് ഡോ.എന്‍.ജയരാജിന്റെ പക്ഷം. ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസില്‍ പ്രതിയായതോടെ ഒഴിവുവരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്കി ഒപ്പം നിര്‍ത്താനാണ് സിപിഎം തീരുമാനം.
















