Entertainment Features Homepage Featured

മമ്മൂട്ടിയുടെ വില്ലനാകാന്‍ എസ്.ജെ സൂര്യ? ചിത്രീകരണം ഉടന്‍ ആരംഭിക്കും

മ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും പ്രധാന വേഷത്തില്‍. ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലന്‍ വേഷമാണ് സൂര്യ ചെയ്യുകയെന്നാണ് വിവരം.

‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ് ചെയ്യുന്ന ചിത്രമാണിത്. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂക്കയ്ക്കു ഇഷ്ടപ്പെട്ടെന്നും ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാമെന്നു സമ്മതിച്ചെന്നും ഈയടുത്ത് നിതീഷ് സഹദേവ് പറഞ്ഞിരുന്നു. ‘ കഥ പറഞ്ഞപ്പോള്‍ മമ്മൂക്കയ്ക്കു വേഗം കണക്ട് ആയി. കഥ വായിച്ച് ഓക്കെ പറഞ്ഞു. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. അതിനകത്ത് ചില പുതിയ പരിപാടികള്‍ കൂടി കൊണ്ടുവരുന്നത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,’ നിതീഷ് പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി-നിതീഷ് സഹദേവ് സിനിമ ആരംഭിക്കും. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. മമ്മൂട്ടി കമ്പനിയായിരിക്കും ഈ സിനിമ നിര്‍മിക്കുകയെന്നാണ് വിവരം.

ഈ ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണെങ്കിലും ഡാര്‍ക്ക് ഹ്യൂമറിനു പ്രാധാന്യമുള്ള കഥാഗതിയായിരിക്കും ചിത്രത്തിന്റേത്. പുരുഷ കേന്ദ്രീകൃത കഥയായിരിക്കുമെങ്കിലും, കഥാഗതിയെ മുന്നോട്ട് നയിക്കുന്നത് ഒന്‍പത് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കഥാപാത്രമായിരിക്കും. ചിത്രത്തില്‍ നായിക കഥാപാത്രമില്ല. കേരള-തമിഴ്നാട് ബോര്‍ഡര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റര്‍ ആയിട്ടാണ് എത്തുന്നത്.

ഒരു ഫിക്ഷണ്‍ ലോകത്ത് നടക്കുന്ന കഥയായായിരിക്കും അവതരണം. രാജമാണിക്യം പോലെ മമ്മൂട്ടിയുടെ സംസാരശൈലിക്ക് ഏറെ പ്രത്യേകതകളുണ്ടായിരിക്കുമെന്നും വിവരമുണ്ട്. നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്‌നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനര്‍.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ട്’ ആണ് മമ്മൂട്ടി അഭിനയിച്ച അവസാന ചിത്രം. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. റെസ്ലിങ് പ്രമേയമാക്കി വരുന്ന ‘ചത്താ പച്ച’ യാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. ഇതില്‍ മമ്മൂട്ടിയുടേത് കാമിയോ വേഷമാണ്.

Related Posts