Homepage Featured Kerala

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; വരൻ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം: വിവാഹദിനത്തിൽ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് അപകടത്തിൽ പെട്ടത്. ചാർജിംഗ് കഴി‌ഞ്ഞ് മടങ്ങുകയായിരുന്ന ബസിലേയ്ക്ക് ബൈക്ക് ഇടിച്ചുകയറിയായിരുന്നു അപകടമെന്നാണ് വിവരം.

പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വാഴവിളയിലെ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണാന്ത്യം. വാഴവിള സ്വദേശിയായ യുവതിയുമായി രാജേഷ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയു‌ടെ വീട്ടുകാർക്ക് സമ്മതമായിരുന്നുവെങ്കിലും രാജേഷിന്റെ വീട്ടുകാർ എതിർത്തിരുന്നുവെന്നാണ് ബന്ധുക്കളില്‍ ചിലർ പറയുന്നത്.

വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ രാജേഷ് പെണ്‍കുട്ടിയുടെ വീട്ടുകാർ കാട്ടായിക്കോണത്തിന് സമീപം ഏർപ്പാടാക്കിയ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നുവെന്നും അവർ പറയുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാരാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.

Related Posts