Homepage Featured Kerala News

രാഹുലിനെതിരെയുള്ള മൂന്നാമത്തെ പരാതി; എംഎൽഎ മണ്ഡലത്തിൽ സജീവമാകുന്നതിന്റെ ഉത്തരവാദിത്തം കോൺ​ഗ്രസിന്, സർക്കാർ ശക്തമായി നടപടി സ്വീകരിച്ചുവെന്നും മന്ത്രി ശിവൻകുട്ടി

പാലക്കാട്: മൂന്നാമതും പരാതി വന്നിട്ടും രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിന്റെ ഉത്തരവാദിത്തം കോൺ​ഗ്രസിനാണെന്നും സർക്കാർ ശക്തമായി നടപടി സ്വീകരിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിവാഹവാ​ഗ്ദാനം നൽകിയ ശേഷം ലൈം​ഗികപീഡനവും തുടർന്ന് വീഡിയോ പകർത്തലും നടത്തിയെന്ന ​ഗുരുതരമായ മൂന്നാമത്തെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം പുറത്താക്കിയ എംഎൽഎയുടെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. പാർട്ടി ഡിസ്മിസ് ചെയ്ത ഒരാളോട് രാജി ആവശ്യപ്പെടാൻ കഴിയില്ലെന്നാണ് കോൺ​ഗ്രസിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റ് എ തങ്കപ്പന്റെ നിലപാട്. വോട്ട് ചെയ്ത ജനങ്ങളോട് ഉത്തരവാദിത്തം ഉള്ളത് കൊണ്ടാണ് പുറത്താക്കിയതെന്നും ഇതിനേക്കാൾ ​ഗുരുതര ആരോപണമുള്ള നേതാക്കൾ മറ്റു പാർട്ടികളിലുണ്ടല്ലോ എന്നും എ തങ്കപ്പൻ ചോദിച്ചു.

മൂന്നാമത്തെ പരാതിയിൽ ബലാത്സം​ഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവയാണ് രാഹുലിനെതിരെ പരാതിക്കാരി ആരോപിച്ചിരിക്കുന്ന കുറ്റം. നിലവിൽ രാഹുലിനെതിരെയുള്ള ലൈം​ഗികാതിക്രമക്കേസുകൾ അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥ ജി പൂങ്കുഴലി നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്യുകയാണ്. പൊലീസിന്റെ പത്തനംതിട്ടയിലെ എആർ ക്യാമ്പിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്. ബലാത്സം​ഗ വിവരം പുറത്തുപറഞ്ഞാൽ പിതാവിനെ അപകടപ്പെടുത്തുമെന്നും സഹോദരിയുടെ വിവാഹം മുടങ്ങുമെന്നും രാഹുൽ പറഞ്ഞെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയിൽ പറയുന്നു. അഞ്ച് ദിവസം മുമ്പാണ് യുവതി പൊലീസിന് പരാതി നൽകിയത്. വിദേശത്ത് താമസിക്കുന്ന യുവതി ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്.

പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ബാങ്ക് വിവരങ്ങൾ പൊലീസ് പരിശോധിച്ചു. ലൈം​ഗികാതിക്രമം നടന്നുവെന്ന് പരാതിക്കാരി പറയുന്ന സ്ഥലത്ത് എസ്ഐടി തെളിവെടുപ്പ് നടത്തിയ ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. പാലക്കാട് കെപിഎം ഹോട്ടലിലെ 2002 എന്ന മുറിയിൽ താമസിക്കുന്നതിനിടെ ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് എംഎൽഎയുടെ അറസ്റ്റ് നടന്നത്.

മുൻ കോൺ​ഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മുമ്പ് രണ്ട് പരാതികൾ ഉണ്ടായിരുന്നു. എന്നാൽ ഈ രണ്ടു കേസുകളിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസുകളിൽ സെഷൻസ് കോടതികൾ രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി താത്കാലികമായി അറസ്റ്റ് ചെയ്യുന്നത് തടയാനുള്ള വിധി വാങ്ങുകയായിരുന്നു.

Related Posts