പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തുടർന്ന് തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കും.
അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎൽഎയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം. ഇന്നലെ പാലക്കാട്ടെ കെപിഎം ഹോട്ടൽ മുറിയിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ മുറി പോലീസ് നിരീക്ഷണത്തിലാണുള്ളത്. രാഹുലിനെതിരെ പഴുതടച്ച നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസും മുന്നോട്ട് പോകുന്നത്.
ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്.
പ്രതിരോധിക്കാനോ കരുക്കൾ നീക്കാനോ സമയം നൽകാതെ പുലർച്ചെ അതീവ നാടകീയമായ നീക്കങ്ങൾക്ക് ശേഷമാണ് പാലക്കാട്ടെ കെ പി എം ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.കൂടുതൽ ആഴത്തിലുള്ള തെളിവുകളാണ് യുവതി പ്രത്യേക അന്വേഷണംസംഘത്തിന് കൈമാറിയിട്ടുള്ളത്. ഗർഭഛിദ്രം നടത്തിയതിനുശേഷം കൃത്യമായ വിവരങ്ങൾ യുവതി ശേഖരിച്ചിരുന്നു.
ആവശ്യപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളിൽ ചിലത് പരാതിക്കാരി വാങ്ങി നൽകി. ഫെനി നൈനിന്റെ പേരും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഫെനി നൈനാന് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്ന് യുവതി മൊഴി നൽകി.
















