Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ശക്തമായ തെളിവുകൾ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്ക് മുറുകുന്നു. ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നു, സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ അറിവുണ്ടായിരുന്നു തുടങ്ങിയ എസ്ഐടിയുടെ കണ്ടെത്തലുകൾ തന്ത്രിക്ക് എതിരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേവസ്വം മാനുവലിൽ തന്ത്രിയുടെ കടമകള്‍ വ്യക്തമാക്കുന്നുണ്ട്. അസി.കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ട് എന്നാണ് മാനുവലിൽ പറയുന്നത്.

തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി ഉണ്ടായിരുന്നത് കണ്ഠരര് രാജീവര് ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സന്നിധാനത്തെ സ്വാധീനത്തിനുപിന്നിൽ തന്ത്രി ഉണ്ടെന്ന മൊഴിയും എസ്ഐടിക്ക് മുമ്പിലുണ്ട്. കഴിഞ്ഞദിവസമാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റ് നടന്നു. ഇതിൽ തന്ത്രിയും മുൻ ദേവസ്വം പ്രസിഡന്റുമാരും ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.

ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡിയും കേസെടുത്തിട്ടുണ്ട്. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പ്രതിയായുള്ളവർ ഇഡിയുടെ കേസിലും നടപടി നേരിടേണ്ടിവരും.

Related Posts