വാഷിങ്ടൺ: വെനസ്വേലയിലെ സൈനിക നടപടിക്കുശേഷം യുഎസ് സൈന്യം ഇറാനെ ലക്ഷ്യമിട്ട് സൈനികവിന്യാസം നടത്തുന്നു. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും എതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെയാണ് യുഎസ് സൈനിക നടപടിക്ക് പദ്ധതിയിടുന്നത്. വെനസ്വേലയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ മുന്നേറ്റത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു യുഎസ് സൈന്യത്തെ അയച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയത്. ഇതേ സാഹചര്യമാണ് ഇപ്പോൾ ഇറാനിലുമുള്ളത്.
യുഎസ് സേനയുടെ C-5, C-7 ഗ്ലോബ് മാസ്റ്ററുകളും ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും യുകെയിൽ എത്തി. വെനസ്വേലയിലെ സൈനിക നടപടി നടത്തിയ ‘നൈറ്റ് സ്റ്റാക്കേഴ്സ്’ എന്ന ഏവിയേഷൻ റെജിമെന്റും യുകെയിൽ എത്തിയിട്ടുണ്ട്. യുകെയിലെ RAF Fairford (Royal Air Force Fairford) ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ Chinook, Black Hawk ഹെലികോപ്റ്ററുകളും AC-130J Ghostrider വിമാനങ്ങളും എത്തിയിട്ടുണ്ട്. ഇറാന്റെ വ്യോമാതിർത്തിയിൽ P8 എന്ന നിരീക്ഷണ വിമാനവും എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.
പ്രക്ഷോഭകാരികൾക്കെതിരെ ഇറാൻ സുരക്ഷാസേന നടപടി തുടർന്നാൽ യുഎസ് രക്ഷയ്ക്കെത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ (Locked and Loaded) എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഈ പരാമർശത്തിന് പിന്നാലെയാണ് മധ്യേഷ ലക്ഷ്യമിട്ട് നടക്കുന്ന സൈനിക നീക്കമെന്നാണ് അഭ്യൂഹങ്ങൾ. അതേസമയം ഇറാനല്ല ലക്ഷ്യമെന്നും റഷ്യയുമായി ബന്ധമുള്ള എണ്ണക്കപ്പലുകളെ പിടികൂടാൻ ആണ് നീക്കമെന്നും മറ്റു ചില റിപ്പോർട്ടുകൾ പറയുന്നു.
















