Cricket Homepage Featured Sports

മൂന്ന് സിക്‌സും മൂന്ന് ഫോറും ! സര്‍ഫറാസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് അഭിഷേക്; എന്നിട്ടും തോറ്റു ഒരു റണ്‍സിന്

വിജയ് ഹസാരെ ട്രോഫിയിലെ പഞ്ചാബ്-മുംബൈ മത്സരം നാടകീയമായി അവസാനിച്ചു. തോല്‍വി ഉറപ്പിച്ച പഞ്ചാബ് ഒരു റണ്‍സിന്റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 45.1 ഓവറില്‍ 216 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈ 26.2 ഓവറില്‍ 215 നു അവസാനിച്ചു.

169-4 എന്ന സുരക്ഷിതമായ നിലയില്‍ നിന്നാണ് പിന്നീട് 46 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. പഞ്ചാബ് നായകന്‍ അഭിഷേക് ശര്‍മയെ മുംബൈ വണ്‍ഡൗണ്‍ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ 30 റണ്‍സടിച്ചതും കളിയെ ചൂടുപിടിപ്പിച്ചു.

ഇന്നിങ്‌സിന്റെ പത്താം ഓവറിലാണ് സംഭവം. സര്‍ഫറാസിനെതിരെ പന്തെറിയാനുള്ള ഉത്തരവാദിത്തം അഭിഷേക് സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ പന്ത് മുതലേ സര്‍ഫറാസ് എതിര്‍ ടീം നായകനെ ആക്രമിച്ചു. 6, 4, 6, 4, 6, 4 എന്നിങ്ങനെ മൂന്ന് സിക്‌സും മൂന്ന് ഫോറുകളും അഭിഷേക് വഴങ്ങി. വെറും 20 പന്തുകള്‍ നേരിട്ട സര്‍ഫറാസ് ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 310 സ്‌ട്രൈക് റേറ്റില്‍ 62 റണ്‍സെടുത്താണ് പുറത്തായത്.

വെറും 15 പന്തിലാണ് സര്‍ഫറാസിന്റെ അര്‍ധ സെഞ്ചുറി. 2020-21ല്‍ ഛത്തീസ്ഗഡിനെതിരെ 16 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ബറോഡയുടെ അതിത് ഷെത്തിന്റെ റെക്കോര്‍ഡാണ് സര്‍ഫ്രാസ് തകര്‍ത്തത്.

നായകന്‍ ശ്രേയസ് അയ്യര്‍ 34 പന്തില്‍ 45 റണ്‍സെടുത്ത് മുംബൈയ്ക്കായി മികച്ച പ്രകടനം നടത്തി. അഗ്ക്രിഷ് രഘുവന്‍ശി 23 റണ്‍സും മുഷീര്‍ ഖാന്‍ 21 റണ്‍സും നേടി. എന്നാല്‍ ഇവരുടെ ഇന്നിങ്‌സുകള്‍ക്കൊന്നും മുംബൈയെ രക്ഷിക്കാനായില്ല. സൂര്യകുമാര്‍ യാദവ് (12 പന്തില്‍ 15) നിരാശപ്പെടുത്തി.

10 ഓവറില്‍ 57 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ഗുര്‍നൂര്‍ ബ്രാര്‍, 5.2 ഓവറില്‍ 31 നു നാല് വിക്കറ്റ് വീഴ്ത്തിയ മയാങ്ക് മാര്‍ക്കണ്ഡെ എന്നിവരാണ് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായക സ്വാധീനമായത്. ബാറ്റിങ്ങില്‍ പഞ്ചാബിനായി രമണ്‍ദീപ് സിങ് (74 പന്തില്‍ 72), അന്‍മോല്‍പ്രീത് സിങ് (75 പന്തില്‍ 57) എന്നിവര്‍ തിളങ്ങി.

Related Posts