പത്തനംതിട്ട: അപകടമുണ്ടാക്കിയ ശേഷം രക്ഷകനായി പ്രത്യക്ഷപ്പെടുകയെന്ന തലതിരഞ്ഞ പദ്ധതി നടപ്പാക്കി കാമുകനും അയാളുടെ സുഹൃത്തും. യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം കാമുകൻ രക്ഷകനായെത്തുന്ന പദ്ധതിയാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി രഞ്ജിത്ത് രാജൻ സുഹൃത്ത് അജാസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സിനിമാക്കഥകളെ പോലും വെല്ലുന്നതായിരുന്നു ഇവരുടെ പദ്ധതി.
സ്കൂട്ടറിൽ സഞ്ചരിക്കവേ പിറകിലൂടെ കാറിലെത്തിയ അജാസ് യുവതിയെ അപകടപ്പെടുത്തി. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ രഞ്ജിത്ത് രാജൻ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ സംശയം തോന്നിയ യുവതി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ശേഖരിച്ച പൊലീസ് പ്രതികളെ ചോദ്യംചെയ്തു. ചോദ്യം ചെയ്യലിൽ രഞ്ജിത്ത് കുറ്റം സമ്മതിക്കുകയും ചെയ്തു.
യുവതിയുമായുള്ള പിണക്കം മാറ്റാനും കുടുംബവുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനുമായിരുന്നു രഞ്ജിത്തിന്റെ സാഹസം. ഇതുവഴി യുവതിയെ വിവാഹം കഴിക്കാമെന്നും ഇയാൾ പദ്ധതിയിട്ടു. ഡിസംബർ 23-നാണ് രഞ്ജിത്തും അജാസും ചേർന്ന് അപകടം ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയത്. വാഴമുട്ടം ഈസ്റ്റിൽവെച്ചാണ് യുവതിയുടെ സ്കൂട്ടറിൽ അജാസ് കാറിടിപ്പിച്ചത്.
അപകടത്തിന് പിന്നാലെ രക്ഷകനായി അഭിനയിച്ച് സംഭവസ്ഥലത്ത് എത്തിയ രഞ്ജിത്ത് യുവതി തന്റെ ഭാര്യയെന്നാണ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് യുവതിയെ കാറിൽ കയറ്റി രഞ്ജിത്ത് കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യുവതിക്ക് സാരമായ പരുക്കുണ്ട്. വലതുകൈക്കുഴ തെറ്റിയിട്ടുണ്ട്. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
















