Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

സ്വർണം പൂശിയ പാളികൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊടുത്തുവിടാമെന്ന് പത്മകുമാർ മിനുട്സിൽ സ്വന്തം കൈപ്പടയിൽ എഴുതിയെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്നാണ് പത്മകുമാറിന്‍റെ വാദം. എന്നാൽ അത്തരം ആവശ്യം ഉന്നയിച്ചതിന് രേഖകളൊന്നും ഇല്ലെന്നത് പത്മകുമാറിന് തിരിച്ചടിയാണ്.

അതേസമയം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരുടേയും റിമാൻഡ് കാലാവധി നീട്ടാൻ അന്വേഷണസംഘം ആവശ്യപ്പെടുമെന്നാണ് വിവരം.

Related Posts