ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്ക്ക് സിബിഐയുടെ സമൻസ്. സിബിഐയുടെ ഡൽഹിയിലെ ഓഫീസിൽ ഈ മാസം 12ന് ഹാജരാകണമെന്ന് സമൻസിൽ സിബിഐ ആവശ്യപ്പെട്ടു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് ഈ നടപടി.
2025 സെപ്റ്റംബർ 27 ന് നടന്ന കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സമൻസ് അയച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. അതേസമയം വിജയ് കൂടെ ആവശ്യപ്പെട്ടത് പ്രകാരമാണ് ദുരന്തത്തിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുന്നത്.
കരൂർ ദുരന്തത്തിന് കാരണമായത് സംഘാടനത്തിലെ പാളിച്ചയാണ് എന്നാണ് തമിഴ്‌നാട് പൊലീസ് പറഞ്ഞത്. ദുരന്തം നടന്ന ദിവസം ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി പത്ത് വരെയാണ് റാലിക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ രാവിലെ 11 മുതൽ റാലിയിലേക്ക് ആളുകൾ എത്തിതുടങ്ങി. വൈകിട്ട് വിജയ് എത്തുമെന്ന് പ്രതീക്ഷിച്ച് തിരക്കിൽ പെടാതിരിക്കാൻ ആളുകൾ നേരത്തേ എത്തുകയായിരുന്നു. എന്നാൽ വിജയ് കൃത്യസമയത്ത് എത്തിയില്ല. അദ്ദേഹം എത്തിയത് രാത്രി ഏഴര കഴിഞ്ഞാണ്. അപ്പോഴേക്കും കരൂരിൽ അരലക്ഷത്തിലേറെ ആളുകൾ സംഘടിച്ചിരുന്നു. വിജയ് എത്താൻ വൈകിയത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കാൻ കാരണമായി എന്നാണ് കരുതുന്നത്.
















