സാധാരണയായി പ്ലാസ്റ്റിക് പാത്രങ്ങളിലോ കവറുകളിലോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുകയും അത് കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇത് സുരക്ഷിതമാണോ? അല്ലേയല്ല. ദീർഘകാലം പ്ലാസ്റ്റിക്കിലെ ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ബിപിഎ, ഫ്താലേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കടക്കുമെന്നാണ് പഠനങ്ങളിൽ തെളിയുന്നത്. ഇത് ഹോർമോൺ സംബന്ധമായ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളാണ്.
എന്നാൽ പ്ലാസ്റ്റിക്കിലെ ഭക്ഷണം ഒഴിവാക്കിയാൽ മാത്രം കാൻസറിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. അമിതമായി ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ, വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണ, നൈട്രൈറ്റുകൾ, നൈട്രേറ്റുകൾ തുടങ്ങിയ പ്രിസർവേറ്റീവുകൾ ഒക്കെ കാൻസറിന് കാരണമാണ്. സോസേജുകൾ, ബേക്കൺ എന്നിവ ദിവസേന ചെറിയ അളവിൽ കഴിച്ചാലും അപകടസാധ്യതയുണ്ട്. ഒരു ദിവസം 50 ഗ്രാമിനടുത്ത് സംസ്കരിച്ച മാംസം കഴിക്കുന്നത് വൻകുടൽ ക്യാൻസറിന് കാരണമാകും. അമിതമായി ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ കൊളോറെക്ടൽ, പാൻക്രിയാറ്റിക് ക്യാൻസറുകളുടെ കാരണമാണ്. എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിച്ചാൽ അത് ഡിഎൻഎ നാശത്തിനും കാരണമാകുന്നു.
















