ഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിച്ചു. ഈ തീയതിക്ക് മുമ്പ് ‘ഒറിജിനല്‍ റിട്ടേണോ’ അല്ലെങ്കില്‍ വൈകിയ റിട്ടേണോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നേരത്തെ സമര്‍പ്പിച്ച റിട്ടേണില്‍ റീഫണ്ടിന് അര്‍ഹതയുണ്ടെങ്കില്‍, ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ആ തുക അക്കൗണ്ടിലെത്തും.
അതേസമയം ഡിസംബര്‍ 31-നകം ഒരു തവണ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് റീഫണ്ട് തുക തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഇനി ‘അപ്ഡേറ്റഡ് റിട്ടേണ്‍’ സമര്‍പ്പിക്കാന്‍ മാത്രമാണ് അവസരമുള്ളത്. ഐടിആര്‍-യു വഴി റീഫണ്ട് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. കൂടുതല്‍ വരുമാനം വെളിപ്പെടുത്താനോ അല്ലെങ്കില്‍ നേരത്തെ കാണിക്കാത്ത നികുതി അടയ്ക്കാനോ മാത്രമാണ് ഐടിആര്‍-യു ഉപയോഗിക്കാന്‍ കഴിയുക.
നേരത്തെ റിട്ടേണ്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സാധാരണഗതിയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളിൽ റീഫണ്ട് ലഭിക്കും. ടിഡിഎസ് കണക്കുകളിലെ വ്യത്യാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ തെറ്റുകള്‍, റിട്ടേണ്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി എന്നീ സാഹചര്യങ്ങളിൽ റീഫണ്ടിന് കൂടുതൽ സമയമെടുത്തേക്കാം. സാമ്പത്തിക വര്‍ഷം അവസാനിച്ചതിന് ശേഷം 9 മാസം വരെ റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യാന്‍ നികുതി വകുപ്പിന് സമയമുണ്ട്. ഇതില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍ നിശ്ചിത ശതമാനം പലിശ സഹിതം റീഫണ്ട് നല്‍കും.
ഡിസംബര്‍ 31 കഴിഞ്ഞതോടെ റിട്ടേണിലെ ലളിതമായ പിശകുകള്‍ ‘റെക്ടിഫിക്കേഷന്‍’ വഴി പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ഇതിലൂടെ പുതിയ റീഫണ്ട് ക്ലെയിമുകള്‍ ഉന്നയിക്കുന്നത് പോലെയുള്ള വലിയ തിരുത്തലുകൾക്ക് സാധ്യതയില്ല.
















