Homepage Featured Kerala News

പുനർജ്ജനി പദ്ധതി ഫണ്ട് പിരിവ്; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ, ഒരു വർഷമായിട്ടും നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ ലഭിച്ചെന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 2018 ലെ പ്രളയത്തിനുശേഷം പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ പരിശോധിക്കാനാണ് വിജിലൻസ് നിർദേശം.

വിദേശത്തെ പണപ്പിരിവുമായി ബന്ധപ്പെട്ട കേസായതിനാൽ സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഒരു വർഷം മുമ്പ് വിജിലൻസ് നൽകിയ ശുപാർശ. വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാൽ ശുപാർശയിൽ ഒരുവർഷമായിട്ടും സംസ്ഥാനസർക്കാർ യാതൊരു തുടർനടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു, ഫണ്ട് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിൽ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തിരുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം എംഎൽഎ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസിന്റെ ശുപാർശയുണ്ട്.

മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചിരുന്നു. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. യുകെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് പണം എത്തിച്ചത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിനായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വിഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം ഈ വിഷയത്തിൽ താൻ സിബിഐ അന്വേഷണത്തിന് എതിരല്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പ് വന്ന ശുപാർശ സംബന്ധിച്ച വാർത്ത ഇപ്പോൾ മാധ്യമങ്ങളിൽ എത്തിയത് എങ്ങിനെയെന്നതിൽ വിഡി സതീശൻ സംശയം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് വിടരുതെന്നോ തനിക്കനുകൂലമായി നിലപാടെടുക്കണമെന്നോ താൻ ആവശ്യുപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200 ഓളം നേതാക്കളാണ് ഇന്ന് വയനാട്ടിൽ എത്തുന്നത്. ഇന്നും നാളെയുമായി ലക്ഷ്യ 2026 എന്ന് പേരിട്ടിരിക്കുന്ന കോൺ​ഗ്രസ് ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയുള്ള ഒരു വർഷം മുമ്പുള്ള വിജിലൻസ് ശുപാർശ പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related Posts