Kerala Lead News Local News

ഇയു ജാഫറിന്റെ വിഷയത്തിൽ മാധ്യമങ്ങൾക്ക് അമിതാവേശമോ?;50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ വാ​ഗ്ദാനം ഇല്ല, താൻ തമാശ പറഞ്ഞതെന്ന് ജാഫർ

തൃശൂർ: തനിക്കെതിരായ കോഴ ആരോപണത്തിൽ മാധ്യമവാർത്തകൾ നിഷേധിച്ച് ഇയു ജാഫർ. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ നൽകുമെന്ന യാതൊരു വാ​ഗ്ദാനവും ഇല്ലെന്ന് ജാഫർ പറയുന്നു. ഇപ്പോൾ പ്രചരിക്കുന്ന ശബ്ദരേഖ സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ തമാശയാണെന്നാണ് ജാഫർ പറയുന്നത്.

ഫ്രണ്ട്ലി ടോക്ക് എന്ന നിലയിൽ മാത്രമാണ് താൻ മുസ്തഫ എന്നയാളോട് സംസാരിച്ചതെന്ന് ജാഫർ പറഞ്ഞു. ആ ഓഡിയോ കോൺ​ഗ്രസുകാർ പ്രചരിപ്പിച്ചതാണെന്നും അയാൾ പറയുന്നുണ്ട്. 50 ലക്ഷം രൂപയോ പ്രസിഡന്റ് സ്ഥാനമോ ഏതാണ് വേണ്ടതെന്ന് സിപിഎം നേതാക്കൾ ചോദിച്ചുവെന്നും 50 ലക്ഷമാണ് താൻ തെരഞ്ഞെടുത്തതെന്നും പറയുന്ന ശബ്ദരേഖയിൽ തനിക്ക് ലൈഫ് സെറ്റിൽ ചെയ്യണ്ടേ എന്നും ജാഫർ പറയുന്നതായി കേൾക്കാം. കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റും സുഹൃത്തുമായ മുസ്തഫ എന്നയാളോട് സംസാരിക്കുന്നതായിരുന്നു ശബ്ദരേഖ.

50 ലക്ഷം രൂപ കോഴ വാങ്ങിയ ഒരാൾ സംസാരിക്കുന്ന രീതിയിൽ ആയിരുന്നില്ല ഫോൺ സംഭാഷണം എന്ന് ഓഡിയോ കേൾക്കുന്ന ആർക്കും വ്യക്തമാകുമെന്നിരിക്കേ മാധ്യമങ്ങൾ രാവിലെ മുതൽ ജാഫറിന്റെ പിറകേയാണ്. ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ജാഫർ മാധ്യമങ്ങളോട് ആവർത്തിച്ചു പറയുന്നുണ്ട്. അതേസമയം മാധ്യമങ്ങൾ വാർത്ത നിലനിർത്തി കൊണ്ടുപോകാൻ പാടുപെടുന്നതായും കാണാൻ കഴിയും.

‘അങ്ങനെ ഒരു സെറ്റിൽമെന്റിന് താൻ തയ്യാറായിരുന്നു എങ്കിൽ താൻ ആ പണം വാങ്ങി മിണ്ടാതിരുന്നാൽ പോരേ ?’ ജാഫർ മാധ്യമങ്ങളോട് ചോദിച്ചു. താൻ എന്താണെന്നുള്ളത് തന്റെ നാട്ടിലെ സിപിഎമ്മുകാർക്കും കോൺ​ഗ്രസുകാർക്കും അറിയാമെന്നും ജാഫർ മാധ്യമങ്ങളോട് പറയുന്നതായി കാണാം. തന്റെ കൂടെ നടക്കുന്നവർ പോലും താനാണ് സ്റ്റാർ എന്ന് പറയുന്ന അവസ്ഥ, അത്തരമൊരു തമാശയായി മാത്രമേ താൻ ഇതിനെയെല്ലാം കണ്ടിട്ടുള്ളൂ എന്നും അയാൾ മാധ്യമങ്ങളോട് പറയുന്നതായും കാണാം. ഇന്ന് മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും സംശയമേതുമില്ലാതെ ജാഫറിന് ഉത്തരം നൽകാൻ കഴിഞ്ഞിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നുവെന്ന് ജാഫർ സമ്മതിക്കുന്നുണ്ട്. എന്നാൽ ലീ​ഗ് വിമതനായ ജാഫർ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചു ജയിച്ചത്.

യുഡിഎഫിനും എൽഡിഎഫിനും 7 അംഗങ്ങൾ വീതമായിരുന്നു വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രൻ ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫിന് ലഭിച്ചു. വിപ്പ് ലഭിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടു നിന്നതോടെ അതും എൽഡിഎഫിന് കിട്ടി. പിന്നീട് ശബ്ദരേഖ പുറത്തുവന്ന് കോഴ ആരോപണം ഉയർന്നതോടെ ഇ.യു ജാഫർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പദവി രാജിവെക്കുകയും ചെയ്തിരുന്നു.

Related Posts