മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുമ്പോഴും മമ്മൂട്ടിയുടെ ബോക്സ്ഓഫീസ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. മമ്മൂട്ടിയുടെ താരമൂല്യത്തെ മനസിലാക്കി ഒരു കംപ്ലീറ്റ് എന്റര്ടെയ്നര് സിനിമ ആരും ചെയ്യുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ വലിയ പരാതി. ഒടുവില്‍ ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വന്നതോടെ മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
മാത്രമല്ല മമ്മൂട്ടിയുടെ താരമൂല്യം മനസിലാക്കി മികച്ച പ്രൊമോഷന് നടത്താന്‍ ക്യൂബ്സ് എന്റര്ടെയ്ന്മെന്റിനു സാധിക്കുമെന്നതാണ് താരത്തിന്റെ ആരാധകരെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. അങ്ങനെയൊന്നാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. മമ്മൂട്ടി ചിത്രവുമായി ബന്ധപ്പെട്ട് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ന്യൂ ഇയര്‍ ആശംസ.
ഹാപ്പി ന്യൂ ഇയര്‍ എന്നതിനു പകരം ‘ഹാപ്പി മമ്മൂട്ടി ഇയര്‍’ എന്നാണ് ക്യൂബ്സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ‘അറിയാലോ മമ്മൂട്ടിയാണ്’ എന്ന ഐക്കോണിക് ക്യാപ്ഷനും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളൊന്നും അല്ലാഞ്ഞിട്ടും മമ്മൂട്ടി എന്ന താരത്തെ ന്യൂ ഇയര്‍ ആശംസയില്‍ പോലും മാസായി അവതരിപ്പിച്ചത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റാര്‍ഡം മനസിലാക്കി കൊണ്ടുള്ള കിടിലന്‍ പ്രൊമോഷനാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് നടത്തുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
മാര്‍ക്കോ, കാട്ടാളന് എന്നീ സിനിമകള്‍ക്കു ശേഷം ക്യൂബ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുക. ‘ഉണ്ട’യ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നസ്ലന്, ജോജു ജോര്‍ജ്, ലുക്ക്മാന്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് സിനിമയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന് തമന് ആണ് മമ്മൂട്ടി-ഖാലിദ് റഹ്മാന് ചിത്രത്തിനു സംഗീതം ഒരുക്കുക.
















