കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്ദര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ അമിത് ഷാ ബംഗാളിലെ മമതാ സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തുറന്നടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ ബംഗാൾ എൻട്രി.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊൽക്കത്തയിലെത്തിയ അമിത് ഷാ മമത നേതൃത്വം നൽകുന്ന തൃണമൂൽ ഭരണത്തെ നിശീതമായി വിമർശിച്ചാണ് രംഗത്തെത്തിയത്. “ഭയം, അഴിമതി, കെടുകാര്യസ്ഥത” എന്നിവ നിറഞ്ഞ അന്തരീക്ഷമാണ് മമതാ ബാനർജി നേതൃത്വം നൽകുന്ന സർക്കാർ നിലനിർത്തുന്നതെന്ന് അമിത്ഷാ ആരോപിച്ചു.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും, ഇതുമൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി പശ്ചിമ ബംഗാളിന്റെ ജനസംഖ്യാ ഘടന അപകടകരമായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാളിലെ വികസനം പൂർണമായും നിലച്ചിരിക്കുകയാണ്. മമത നേതൃത്വം നൽകുന്ന സർക്കാരിന്റെ അഴിമതിയാണ് ഇതിന് കാരണമെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു. മോദിജി ആരംഭിച്ച എല്ലാ ജനക്ഷേമ പദ്ധതികളും ഇവിടെ അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ 14 വർഷമായി ഭയവും അഴിമതിയും തന്നെയാണ് പശ്ചിമ ബംഗാളിന്റെ മുഖച്ഛായയെന്നും അമിത് ഷാ പറഞ്ഞു.2026 ഏപ്രിൽ 15ന് ശേഷം പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കപ്പെട്ടാൽ, ബംഗാളിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും പുനരുജ്ജീവനം ഞങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















