2025, നായകന്മാരെ പോലെ തന്നെ നായികമാരും തിളങ്ങിയ വര്‍ഷം. ‘എക്കോ’യിലെ മ്ലാത്തി ചേടത്തിയെ അവതരിപ്പിച്ച മേഘാലയക്കാരി ബിയാന മോമിന് മുതല്‍ ‘രേഖാചിത്ര’ത്തിലെ രേഖയായി തിളങ്ങിയ അനശ്വര രാജന് വരെ 2025 ലെ മികച്ച കഥാപാത്രങ്ങള്‍ നിരവധി.
- അനശ്വര രാജന്
രേഖാചിത്രത്തിലെ രേഖ എന്ന കഥാപാത്രമായി അനശ്വര രാജന് മലയാളികളുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചു. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘കാതോട് കാതോരം’ ആസ്പദമാക്കിയാണ് രേഖാചിത്രം ഒരുക്കിയിരിക്കുന്നത്. രേഖ പത്രോസ് എന്ന കഥാപാത്രത്തിലേക്ക് മറ്റാരെയും സങ്കല്പ്പിക്കാന് കഴിയാത്ത വിധം അനശ്വര രാജന് ഗംഭീരമാക്കിയിട്ടുണ്ട്. വ്യസനസമേതം ബന്ധുമിത്രാദികള്‍, പൈങ്കിളി എന്നീ ചിത്രങ്ങളും 2025 ല്‍ അനശ്വരയുടെ പെര്‍ഫോമന്‍സ് എടുത്തുകാണിച്ചവയാണ്.
- ബിയാന മോമിന്
‘എക്കോ’യിലെ മ്ലാത്തി ചേട്ടത്തി എന്ന കഥാപാത്രം വളരെ സൂക്ഷ്മമായ അഭിനയം ആവശ്യമുള്ളതായിരുന്നു. മലയാളി അല്ലാഞ്ഞിട്ടു കൂടി മേഘാലയക്കാരിയായ ബിയാന മോമിന് ഈ കഥാപാത്രത്തെ മികച്ചതാക്കി. ഒട്ടും ലൗഡ് ആകാതെ എന്നാല്‍ കഥാപാത്രത്തിന്റെ വൈകാരികത നോട്ടത്തില്‍ വരെ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിച്ച് ബിയാന ഞെട്ടിച്ചു.
- റിയ ഷിബു
സര്‍വ്വം മായയിലെ മായ മാത്യു എന്ന കഥാപാത്രം 2025 ലെ മലയാളി പ്രേക്ഷകരുടെ ക്രഷ് ലിസ്റ്റില്‍ ഒന്നാമതുണ്ടാകും. റിയ ഷിബുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലൗഡ് ആയ കഥാപാത്രം, തെല്ലൊന്ന് മീറ്റര്‍ മാറിയാല്‍ സിനിമ മോശമാകാന്‍ പോലും കാരണമായേക്കാം. എന്നാല്‍ കൃത്യമായ മീറ്ററില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടാന്‍ റിയ ഷിബുവിനു സാധിച്ചു.
- കല്യാണി പ്രിയദര്ശന്
ലോകഃയിലെ ചന്ദ്ര എന്ന കഥാപാത്രത്തിലേക്ക് കല്യാണി പ്രിയദര്‍ശനെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കുക സാധ്യമല്ല. അത്രത്തോളം പെര്‍ഫക്ട് ആയാണ് ചന്ദ്രയെ കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. ഇമോഷണല്‍ രംഗങ്ങളിലും ആക്ഷന്‍ രംഗങ്ങളിലും കല്യാണി മികച്ചുനിന്നു.
- ലിജോമോള്‍
2025 ലെ മലയാള സിനിമകളില്‍ നായിക കഥാപാത്രമായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ലിജോമോള്‍ ആണ്. പൊന്മാനിലെ സ്റ്റെഫി എന്ന കഥാപാത്രം ലിജോമോളുടെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ഏറെ സങ്കീര്‍ണതകളുള്ള കഥാപാത്രം ആയിരുന്നിട്ടും പ്രേക്ഷരുടെ മനസില്‍ ഇടംപിടിക്കുന്ന വിധം അവിസ്മരണീയമാക്കാന്‍ ലിജോമോള്‍ക്കു സാധിച്ചു.
















