അവധിക്കാലം എന്നാൽ ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും സമയമാണ്. എന്നാൽ ഈ സന്തോഷത്തിനിടയിൽ പലപ്പോഴും നമ്മുടെ ഭക്ഷണക്രമം താളംതെറ്റാറുണ്ട്. എണ്ണയിൽ വറുത്തതും മധുരം അധികമുള്ളതുമായ ലഘുഭക്ഷണങ്ങൾക്ക് പകരം പോഷകസമൃദ്ധമായ നട്സുകൾ ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന് ആവശ്യമായ ഓരോ പോഷകങ്ങളും ലഭിക്കാൻ ഏതൊക്കെ നട്സുകളാണ് കഴിക്കേണ്ടതെന്ന് നോക്കാം.
- മഗ്നീഷ്യം ലഭിക്കാൻ – ബദാം
ശരീരത്തിലെ ഊർജ്ജോൽപ്പാദനത്തിനും പേശികളുടെ പ്രവർത്തനത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. ബദാം ആണ് മഗ്നീഷ്യത്തിന്റെ ഏറ്റവും മികച്ച സ്രോതസ്സ്. ഏകദേശം 100 ഗ്രാം ബദാമിൽ 258 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യവും ഇതിൽ ധാരാളമുണ്ട്.
- പ്രോട്ടീൻ വേണോ? നിലക്കടല കഴിക്കാം
സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ലഭിക്കാൻ ഏറ്റവും മികച്ചതാണ് നിലക്കടല. പേശികളുടെ ബലത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും ഇത് സഹായിക്കുന്നു. 100 ഗ്രാം നിലക്കടലയിൽ ഏകദേശം 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
- ഹൃദയാരോഗ്യത്തിന് വാൾനട്ട്
ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ വാൾനട്ട് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇവ ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകളുടെ വലിയൊരു കലവറ കൂടിയാണ് വാൾനട്ട്.
- ദഹനത്തിന് ഹാസൽനട്ട്സ്
നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഹാസൽനട്ട്സ് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. ദിവസേനയുള്ള നാരുകളുടെ ആവശ്യകത നിറവേറ്റാൻ ഒരു പിടി ഹാസൽനട്ട്സ് ശീലമാക്കാവുന്നതാണ്.
- സിങ്ക് ലഭിക്കാൻ കശുവണ്ടി
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾക്കും സിങ്ക് അത്യാവശ്യമാണ്. കശുവണ്ടി സിങ്കിന്റെ നല്ലൊരു സ്രോതസ്സാണ്. ദിവസവും മിതമായ അളവിൽ ഇത് കഴിക്കുന്നത് സിങ്കിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും.
- സെലിനിയത്തിന് ബ്രസീൽ നട്സ്
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനും കോശങ്ങളുടെ സംരക്ഷണത്തിനും ആവശ്യമായ സെലിനിയം ബ്രസീൽ നട്സിൽ ധാരാളമുണ്ട്. എന്നാൽ ഇത് ചെറിയ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
നട്സുകൾ പോഷകസമൃദ്ധമാണെങ്കിലും അവയിൽ കാലറി കൂടുതലായതിനാൽ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഉപ്പും പഞ്ചസാരയും ചേർക്കാത്ത പ്രകൃതിദത്തമായ രീതിയിൽ ഇവ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
















