തിരുവനന്തപുരം: നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാളാണ് ആർ ശ്രീലേഖയെന്ന് മന്ത്രി വി ശിവൻകുട്ടി. വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയാൻ പറയാൻ ശ്രീലേഖയ്ക്ക് എന്തധികാരമെന്നും വി ശിവൻകുട്ടി ചോദിച്ചു. തങ്ങൾക്ക് കിട്ടിയ അധികാരം തെറ്റായും നിർബന്ധപൂർവവും ഉപയോഗിക്കുകയാണ് അവർ ചെയ്യുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.
ധിക്കാരവും അഹങ്കാരവും കൊണ്ട് എംഎൽഎയുടെ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല. ഡിജിപി വിചാരിച്ചാൽ പോലും നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു ഓഫിസിന്റെ പ്രവർത്തനം നിർത്താൻ കഴിയില്ല, പിന്നെ കൗൺസിലർക്ക് കഴിയുമോ എന്ന് മന്ത്രി ചോദിച്ചു. നെടുങ്കാട് വാർഡിൽ ഒരു സ്കൂളിൽ ബിജെപി കൗൺസിലറുടെ ഓഫിസ് സൗജന്യമായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സഹോദരി സ്ഥാനത്ത് നിന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്നാണ് ശ്രീലേഖ വിശദീകരിക്കുന്നത്. എംഎൽഎ വി കെ പ്രശാന്തിനെ ഇന്നലെ രാവിലെ ഫോണിൽ വിളിച്ചാണ് ഈ കെട്ടിടത്തിലുള്ള വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസിൽ സൗകര്യമില്ലെന്നും അതുകൊണ്ട് ഇതേസ്ഥലത്തുള്ള എംഎൽഎ ഓഫീസ് ഒഴിയണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സിൽ തനിക്ക് അനുവദിച്ച സമയപരിധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഒഴിയില്ലെന്നുമാണ് പ്രശാന്ത് ഇതിന് മറുപടി നൽകിയത്. തദ്ദേശ മന്ത്രി എം ബി രാജേഷും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും കക്ഷി ചേര്‍ന്നതോടെ ഓഫീസ് ഒഴിപ്പിക്കൽ വിവാദം കൊഴുത്തു.
അതേസമയം ഇങ്ങനെയൊരു ചര്‍ച്ച വന്ന സ്ഥിതിക്ക് ഇത്തരത്തിൽ കോര്‍പ്പറേഷൻ കെട്ടിടം വാടകക്ക് കൊടുക്കുന്നതിലെ രേഖകള്‍ പരിശോധിക്കുമെന്ന് മേയർ വിവി രാജേഷ് പ്രതികരിച്ചു 300 സ്ക്വയർ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും. എംഎൽഎ ഓഫീസിന് ഇളവ് നൽകാവുന്നതാണ്. രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാം. സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞ വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും വിവി രാജേഷ് പറഞ്ഞു.
















